ന്യൂഡൽഹി : ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ് 2022) എഞ്ചിനീയറിംഗ് പരീക്ഷ മാറ്റിയ കീഴ്‌ക്കോടതി ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതി. ഹര്‍ജി പരിഗണിച്ച കോടതി പരീക്ഷ മുമ്പ് തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ നടത്തുമെന്ന് അറിയിച്ചു. ഇത്തരത്തില്‍ പരീക്ഷ മാറ്റുന്നത് കുട്ടികളുടെ ഭാവിയേയും അക്കാദമിക നിലവാരത്തേയും സാരമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമായതിനാല്‍ പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. റഗുലേറ്ററി അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും മാറ്റിസ്ഥാപിക്കുന്നതിന് കാരണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. രാജ്യം മുഴുവന്‍ തുറന്നിരിക്കുകയാണ്. വിഭ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് പരീക്ഷ നടത്തുന്നത്. അതില്‍ കോടതി ഇടപെടുന്നത് ശരിയല്ല, അത്തരമൊരു സാഹചര്യം ഇപ്പോഴില്ലെന്നും കോടതി നിരീക്ഷിച്ചു.
Also Read: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് പ്രിയങ്ക ഗാന്ധി
കൊവിഡ് പശ്ചാത്തലത്തില്‍ പൗരന്മാരുടെ ഉത്തരവാദിത്വങ്ങളും കടമകളും മാറ്റിവയ്ക്കാനാകില്ല. ഗേറ്റ് 2022 ഫെബ്രുവരി 5, 6, 12, 13 തിയ്യതികളില്‍ നടത്താൻ നേരത്തേ തീരുമാനിച്ചതാണ്. പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് മറിച്ച് തീരുമാനം എടുക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകരായ പല്ലവ് മോംഗിയ, സത്പാൽ സിംഗ് എന്നിവരാണ് ഹര്‍ജിക്കാർക്ക് വേണ്ടി ഹാജരായത്.
200 പരീക്ഷാ കേന്ദ്രങ്ങളിലായി 9 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ടെന്നാണ് കണക്ക്. പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയോ നടപടിക്രമങ്ങൾ സജ്ജമാക്കുകയോ ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.