ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യു.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നല്‍കിയ നോട്ടീസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ കോടതി ഇടപ്പെട്ട് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. സര്‍ക്കാരിന്‍റെ നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇതുവരെ സംസ്ഥാനം ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചു.
പരാതിക്കാരനായും വിധികർത്താവായും പ്രോസിക്യൂട്ടറായും യുപി സർക്കാർ ഒരേസമയം പ്രവർത്തിക്കുന്നുവെന്നും കോടതി വിമർശിച്ചു. സർക്കാരിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന്‍റെ പണം ഈടാക്കാൻ പ്രതിഷേധക്കാർക്ക് അയച്ച നോട്ടീസിനെതിരെ പർവെയിസ് ആരിഫ് ടിറ്റു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം.
സിഎഎ പ്രതിഷേധത്തിൽ പങ്കെടുത്ത 833 പ്രതിഷേധക്കാർക്കെതിരെ 106 എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും ഇതിൽ 274 പേർക്കാണ് റിക്കവറി നോട്ടീസുകൾ അയച്ചതെന്നും ഉത്തർപ്രദേശിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് സുപ്രീം കോടതിയിൽ പറഞ്ഞു.
ALSO READ: കോഴിക്കോട് ക്ഷീര കര്‍ഷകര്‍ക്ക് ആശങ്കയായി പശുക്കള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികള്‍