ന്യൂഡൽഹി: ബലാത്സംഗ കേസിലെ അതിജീവിതകളിൽ നടത്തുന്ന രണ്ടു വിരൽ പരിശോധനയ്ക്ക് (two-finger test) സുപ്രീംകോടതി വിലക്ക്. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ജസ്‌റ്റിസ്‌മാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഈ പരിശോധന അടിസ്ഥാനമില്ലാത്തതാണെന്നും സ്‌ത്രീകളുടെ അന്തസിന്‍റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും കോടതി പറഞ്ഞു. യോനിയിലെ ലാക്‌സിറ്റി പരിശോധിക്കുന്ന നടപടിക്രമമാണ് ഇതിൽ ചെയ്യുന്നത്. ഇപ്പോഴും സമൂഹത്തിൽ ഈ രീതി നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
രണ്ടു വിരൽ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. സർക്കാർ - സ്വകാര്യ മെഡിക്കൽ കോളജുകളിലെ പാഠ്യപദ്ധതിയിൽ നിന്ന് രണ്ട് വിരൽ പരിശോധന ടെസ്റ്റുകളുടെ പഠനോപകരണങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.