ന്യൂഡൽഹി: ഉത്തർപ്രദേശ് ഗ്രാമ പഞ്ചായത്തിന്‍റെ വോട്ടെണ്ണൽ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകി സുപ്രീം കോടതി. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും കേന്ദ്രങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശവും നൽകിയിട്ടുണ്ട്.
ഫലം പുറത്തുവന്ന ശേഷം യുപിയിൽ വിജയ റാലികൾ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ വൈകിപ്പിക്കാന്‍ സാധിക്കുമോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആരാഞ്ഞിരുന്നു.
സംസ്ഥാനത്ത് മൊത്തം 829 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഉത്തർപ്രദേശിലെ കൊവിഡ് കണക്ക് 12.5 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,372 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കേരളം, കർണാടക എന്നിവയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളുള്ള സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് യുപി.