ന്യൂഡല്‍ഹി: പൊതു സ്ഥലത്ത് വച്ച് വാഹനത്തിന് തീപിടിത്തമുണ്ടായി യുവതി കൊല്ലപ്പെട്ട കേസില്‍ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സുപ്രീംകോടതി. കേസില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുറ്റാരോപിതനായ യുവാവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. 2007 ല്‍ കൊലക്കേസില്‍ അറസ്റ്റിലായ അഭിഷേക് ശര്‍മ്മ എന്നയാളാണ് ജയില്‍ മോചിതനായത്.
കീഴ്‌ക്കോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി കേസില്‍ പെരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടത്. പ്രതിയെന്ന് ആരോപിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടയാള്‍ക്കെതിരെ മരണ സമയത്ത് യുവതി പറഞ്ഞ കാര്യങ്ങളല്ലാതെ മറ്റ് നിര്‍ണായക തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തുന്നത് നീതികരിക്കപ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചാല്‍ കീഴ് കോടതികളുടെ വിധിന്യായങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു തെളിവ് പോലും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്നും ജസ്റ്റിസ് കരോള്‍ പറഞ്ഞു. പൊതു സ്ഥലത്ത് വച്ചാണ് കുറ്റകൃത്യം നടന്നത്. അത്തരമൊരു സാഹചര്യത്തില്‍ ജയിലിലടക്കപ്പെട്ട വ്യക്തിക്കെതിരെ ആരുടെയും മൊഴികളില്ലാത്തതും കൊല്ലപ്പെട്ടയാളും കുറ്റാരോപിതനായയാളും തമ്മില്‍ വൈരാഗ്യമോ ഉണ്ടെന്നുള്ളതിനും യാതൊരു തെളിവുകളുമില്ല. ഇത്തരം കാര്യങ്ങളില്‍ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യമാണ് സംശയത്തിന് ഇടയാക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
2007 ലാണ് കേസിനാസ്‌പദമായ സംഭവം. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കീഴ് കോടതി ശിക്ഷ വിധിച്ചത് അഭിഷേക് ശര്‍മ്മയെന്ന യുവാവിനാണ്. ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മന്‍ദീപ് കൗര്‍ എന്ന യുവതിയാണ് കാറില്‍ തീപിടിത്തമുണ്ടായി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഡല്‍ഹി മോഡല്‍ ടൗണിലെ ക്വീന്‍ മേരി സ്‌കൂളിന് സമീപമാണ് യുവതിയുടെ കാറിന് തീപിടിത്തമുണ്ടായത്.
സംഭവത്തിന് പിന്നാലെ ഡല്‍ഹി പൊലീസും അഗ്‌നി ശമന സേനയും സ്ഥലത്തെത്തി തീ അണയ്‌ക്കുകയും ഗുരുതരമായി പൊള്ളലേറ്റ മന്‍ദീപ് കൗറിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് തന്‍റെ കാറിന് തീകൊളുത്തിയത് അഭിഷേക് ശര്‍മയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനാല്‍ മിക്ക ദിവസവും അഭിഷേകാണ് വീട്ടില്‍ കൊണ്ട് വിടാറുള്ളതെന്നും സംഭവ ദിവസം ഇന്നത്തോടെയെല്ലാം അവസാനിക്കുമെന്ന് ശര്‍മ്മ പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. ഓഫിസിലെ ബോസുമായുള്ള യുവതിയുടെ ബന്ധത്തെ കുറിച്ച് അഭിഷേക് എപ്പോഴും മന്‍ദീപ് കൗറുമായി വാക്കേറ്റം ഉണ്ടാകാറുണ്ടെന്നും യുവതി പറഞ്ഞിരുന്നു.
കേസില്‍ ഇരയുടെ ഈ വാക്കുകളുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കീഴ്‌ക്കോടതി ശിക്ഷ വിധിച്ചത്. വിചാരണ കോടതിയുടെ വിധിയെ തുടര്‍ന്ന് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ 2010ല്‍ അപ്പീല്‍ സ്വീകരിച്ച ഹൈക്കോടതിയും ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു. ഇതോടെയാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ യുവതി ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മരിച്ചത്. ചികിത്സയിലിരുന്ന ആറ് ദിവസവും യുവതിക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിസ് കരോള്‍ പറഞ്ഞു. കേസില്‍ കുറ്റക്കാരന്‍ അഭിഷേക് തന്നെയാണെന്ന് വ്യക്തമാക്കുന്ന മറ്റ് നിര്‍ണായക തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
മാത്രമല്ല മരണ മൊഴി രേഖ മൂലമുള്ളതല്ലെന്നും ഒരു പക്ഷേ അഭിഷേകുമായുള്ള കോപം പോലും അത്തരമൊരു പ്രസ്‌താവന നടത്താന്‍ ഇരയെ സ്വാധീനിച്ചിരിക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സാക്ഷികളായി ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത്തരമൊരു പ്രസ്‌താവന അംഗീകരിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിയെന്ന് ആരോപിക്കപ്പെട്ട ശര്‍മ്മയ്‌ക്ക് മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.