അലഹബാദ് : യുപി സ്വദേശിയായ പ്രവാസിയുടെ മൃതദേഹം മാറ്റി അയച്ച് സൗദി അധികൃതര്‍. സൗദി അറേബ്യയില്‍ മരിച്ച ഉത്തര്‍പ്രദേശിലെ സിക്കന്ദര്‍പൂരിലുള്ള ജാവദ് അഹമ്മദ് എന്നയാളുടെ മൃതദേഹമാണ് മാറ്റി അയച്ചത്. ദമാമില്‍ ജോലി ചെയ്‌തുവരികയായിരുന്ന ജാവദ് സെപ്‌റ്റംബര്‍ 25ന് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജാവദ് അഹമ്മദിന്‍റെ സഹോദരന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഡിഡിയു നഗര്‍ സിഒ വിഷയം ബന്ധപ്പെട്ട അധികൃതർക്ക് മുമ്പില്‍ അവതരിപ്പിക്കുകയും സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തു.
തുടര്‍ന്ന് സെപ്‌റ്റംബർ 30ന് സൗദിയില്‍ നിന്ന് വാരണാസി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചു. എന്നാല്‍ മൃതദേഹ പേടകത്തില്‍ പതിച്ചിരുന്ന ലേബലില്‍ നിന്ന് സജി രാജന്‍ എന്നയാളുടേതാണ് മൃതദേഹമെന്ന് കണ്ടെത്തി. സൗദി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്‌ചയാണിതെന്ന് കുടുംബം ആരോപിച്ചു.
വിഷയം വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെയും ഇന്ത്യന്‍ എംബസിയെയും ട്വിറ്റര്‍ വഴി അറിയിച്ചിട്ടുണ്ടെന്ന് ജാവദ് അഹമ്മദിന്‍റെ സഹോദരന്‍ നദീം ജലാല്‍ ഇദര്‍സി പറഞ്ഞു. അന്ത്യകര്‍മങ്ങള്‍ക്കായി എത്രയും വേഗം തങ്ങളുടെ മകന്‍റെ മൃതദേഹം വിട്ടുനല്‍കണമെന്ന് ജാവദിന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.