ബംഗളൂരു: മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല കൊവിഡ് ചികിത്സക്ക് ശേഷം ഫെബ്രുവരി 7 ന് ബംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങും. ജയലളിതയുടെ യഥാർത്ഥ അനുയായികൾ ശശികലയുടെ വരവിനായി കാത്തിരിക്കുകയാണെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരൻ പറഞ്ഞു. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായും സമാന ചിന്താഗതിക്കാരായ പാർട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞിരുന്നു.
അതേസമയം തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാരാണ് രംഗത്തെത്തിയിരിക്കുന്നത്. വിമത നീക്കങ്ങള്‍ക്ക് ശ്രമിച്ച സംസ്ഥാന ഭാരവാഹികളെ അടക്കം അണ്ണാഡിഎകെയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അനധികൃത സ്വത്ത് സമ്പാദനകേസിൽ നാല് വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ജനുവരി 27 നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിതയായത്. കൊവിഡ് ചികിത്സയിലായിരുന്ന ശശികലയെ ജനുവരി 31 ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അതിനുശേഷം അവർ ഹോം ക്വാറന്‍റൈനിലായിരുന്നു.