തിരുവനന്തപുരം: വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയ്ക്ക് 'ഭാരത് ജോഡോ', 'കോൺഗ്രസ് ജോഡോ' എന്നീ രണ്ട് നേട്ടങ്ങളും കൈവരിക്കാനാകുമെന്ന് ശശി തരൂർ എംപി. കൂടാതെ പാര്‍ട്ടിയുടെ മൂല്യങ്ങളും ആദര്‍ശങ്ങളും ജനസേവനങ്ങളും വഴി രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ചു ചേര്‍ക്കാന്‍ കഴിയും. നാളെ ആരംഭിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തങ്ങളുടെ സന്ദേശത്തിലൂടെ ജനങ്ങള്‍ക്ക് പ്രചോദനമാകുകയാണെങ്കില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വഴി ഇന്ത്യയെ ഒരുമിപ്പിക്കാന്‍ സാധിക്കും. ഭാരത് ജോഡോയിലൂടെ നല്‍കുന്ന സന്ദേശങ്ങള്‍ തീർച്ചയായും പാർട്ടിയുടെ പുനരുജ്ജീവനത്തിന് തുടക്കം കുറിക്കും. ഗുലാം നബി സാഹിബ് ബഹുമാന്യനായ ഒരു മുതിർന്ന വ്യക്തിയാണ്, അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഭാരത് ജോഡോ' എന്നതിനുപകരം പാർട്ടി 'കോൺഗ്രസ് ജോഡോ എന്ന് പേരു മാറ്റണമെന്ന കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ശശി തരൂര്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല: 'ഒരു തെരഞ്ഞെടുപ്പ് നടക്കുമെന്ന വസ്‌തുത സ്വാഗതം ചെയ്യുക മാത്രമാണ് താന്‍ ചെയ്‌തത്. അത് പാര്‍ട്ടിയ്‌ക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. എല്ലാത്തിനുമുപരിയായി 10000 വോട്ടര്‍മാര്‍ക്കിടയില്‍ മറ്റേത് രാഷ്‌ട്രീയ പാർട്ടിയാണ് അതിന്റെ ഉന്നത സ്ഥാനത്തേക്ക് തുറന്ന തെരഞ്ഞെടുപ്പ് നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു'.
ALSO READ:കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം, രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ശശി തരൂര്‍
'രാജ്യത്തുടനീളമുള്ള ധാരാളം ആളുകൾ എന്റെ മത്സരത്തിന്റെ സാധ്യതയെ സ്വാഗതം ചെയ്‌തു എന്നതില്‍ എനിക്ക് സന്തേഷമുണ്ട്. എന്നാൽ ഞാൻ എന്റെ സ്ഥാനാർത്ഥിത്വം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സെപ്റ്റംബർ 22നാണ് നടക്കുന്നത്. മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചിന്തിക്കാന്‍ ഇനിയും മൂന്നാഴ്‌ച സമയമുണ്ട്' ശശി തരൂര്‍ വ്യക്തമാക്കി.
യാത്ര പലതരത്തിലുമുള്ള പോരാട്ടം: 'തെരഞ്ഞെടുപ്പില്‍ നിരവധി പേര്‍ മത്സരിക്കുമെന്നാണ് കരുതുന്നത്. 'ഭാരത് ജോഡോ' യാത്ര പല തരത്തിമുള്ള ഒരു പോരാട്ടമാണ്. തുടര്‍ച്ചയായ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ യാത്ര. മൂന്‍പോട്ട് പോകുന്തേറും മാത്രമെ യാത്രയുടെ ഫലം അറിയാന്‍ സാധിക്കുവെന്ന്' 1990 കളുടെ തുടക്കത്തിൽ ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ രഥയാത്രയ്ക്ക് സമാനമാകുമോ യാത്ര എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ALSO READ: ഭാരത് ജോഡോ യാത്ര തപസ്യ, രാജ്യത്തെ ഒന്നിപ്പിക്കുക ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി
'ഭാരത് ജോഡോ യാത്ര ജനങ്ങളെ ആകര്‍ഷിക്കും. വിജയപ്രതീക്ഷയില്ലാതെ രാജ്യവ്യാപകമായി ആരും ഇത്തരമൊരു യാത്ര സംഘടിപ്പിക്കാറില്ല. കോണ്‍ഗ്രസ് തികഞ്ഞ തയ്യാറെടുപ്പിലാണെന്നിരിക്കെ തങ്ങള്‍ ഭരണപക്ഷത്തെ വിലകുറച്ച് കാണുന്നില്ല. ഈ യാത്ര പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന്റെ തുടക്കമാണെന്ന്' തരൂര്‍ അഭിപ്രായപ്പെട്ടു.
ഭാരത് ജോഡോ: നാളെ(07.09.2022) വൈകീട്ട് അഞ്ച് മണിയ്ക്ക് കന്യാകുമാരിയില്‍ നിന്നാണ് 'ഭാരത് ജോഡോ യാത്ര' തുടങ്ങുന്നത്. കാല്‍നടയായി 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കാശ്‌മീരിലാണ് യാത്രയുടെ സമാപനം. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍, 2023 ജനുവരി 30-നാണ് സമാപന സമ്മേളനം. ഈ അഞ്ച് മാസത്തിനിടെ രണ്ട് പ്രധാന തെരഞ്ഞെടുപ്പുകള്‍ നടക്കും.
തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരം, കൊച്ചി, നിലമ്പൂർ, മൈസൂരു, ബെല്ലാരി, റായ്ച്ചൂർ, വികാരാബാദ്, നന്ദേഡ്, ജൽഗാവ്, ഇൻഡോർ, കോട്ട, ദൗസ, അൽവാർ, ബുലന്ദ്ഷഹർ, ഡൽഹി, അംബാല, പത്താൻകോട്ട്, ജമ്മു തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകും. 'മൈൽ കദം, ജൂഡ് വാതൻ' എന്നാണ് യാത്രയുടെ ടാഗ്‌ലൈൻ.