താനെ (മഹാരാഷ്‌ട്ര): ഏറെ കോളിളക്കം സൃഷ്‌ടിച്ച ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് സമാനമായി മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ സരസ്വതി വൈദ്യയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. 36 കാരിയായ സരസ്വതി വൈദ്യയെ ലിവ് ഇന്‍ പങ്കാളിയായ 56 കാരനായ മനോജ് സാനെ ക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കില്‍ ഇരുവരും വിവാഹിതരായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രായവ്യത്യാസം കാരണമാണ് ഇരുവരും ഇക്കാര്യം മറ്റുള്ളവരില്‍ നിന്ന് മറച്ചുവച്ചതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കൊലപാതകത്തില്‍ അറസ്‌റ്റിലായ മനോജ് സാനെ ജൂണ്‍ 16 വരെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു.
നാടിനെ നടുക്കിയ ക്രൂരകൃത്യം: മീര ഭയന്ദർ ഫ്ലൈ ഓവറിന് തൊട്ടടുത്തുള്ള മീര റോഡ് ഏരിയയിലെ ആകാശഗംഗ എന്ന പേരിലുള്ള കെട്ടിടത്തിലെ 704 ാം വാടക ഫ്ലാറ്റിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ ഫ്ലാറ്റിൽ മനോജ് സാനെയും സരസ്വതി വൈദ്യയും ഒരുമിച്ചായിരുന്നു താമസിച്ചു വന്നിരുന്നത്. എന്നാല്‍ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിന് പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധയിലാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്.
Also read: ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
കൊലപാതകം പുറംലോകമറിയുന്നത് ഇങ്ങനെ: ഫ്ലാറ്റിൽ നിന്നുമുള്ള ദുർഗന്ധം ശ്രദ്ധയില്‍പ്പെട്ട കെട്ടിടത്തിലെ മറ്റൊരു താമസക്കാരനാണ് നയാനഗർ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്‌ച വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ മീര റോഡ് പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് കഷണങ്ങളാക്കിയ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാത്രമല്ല മനോജ് സാനെയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) ജയന്ത് ബജ്ബലെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസെത്തിയ സമയത്ത് പ്രതി മനോജ് സാനെ ഫ്ലാറ്റിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയും കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ ഞായറാഴ്‌ച (ജൂൺ 4) അർധരാത്രിയാണ് മഹാരാഷ്‌ട്രയെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. സംശയത്തെ ചൊല്ലി മനോജും സരസ്വതിയും വഴക്കിട്ടിരുന്നു. ഇതിലുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് മനോജ് സരസ്വതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇയാൾ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കിയെന്നും ഇതിൽ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ വേവിച്ചതായുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ മൃതദേഹത്തിന്‍റെ ചില അവശിഷ്‌ടങ്ങൾ കണ്ടെത്താനായിട്ടില്ല. ഇതോടെ കാണാതായ ശരീര ഭാഗങ്ങൾക്കായും പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. പ്രതി മനോജ് സാനെയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും മൃതദേഹത്തിന്‍റെ കാണാതായ ഭാഗങ്ങൾ കണ്ടെത്തുക പൊലീസിനെ സംബന്ധിച്ച് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം സംഭവത്തില്‍ സരസ്വതി വൈദ്യയുടെ മൂന്ന് സഹോദരിമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
Also read: സഹോദരനെ കൊന്ന് കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു; സഹോദരിയും കാമുകനും 8 വര്‍ഷത്തിന് ശേഷം പിടിയില്‍