കൊല്‍ക്കത്ത: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിനെതിരെ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിലെ പ്രതി ദേബ്‌ജാനി മുഖർജിയുടെ അമ്മ ഷർബരി മുഖർജിയുടെ പരാതി. തന്‍റെ മകള്‍ ദേബ്‌ജാനിക്ക് മേൽ സിഐഡി മാനസിക സമ്മര്‍ദം ചെലുത്തുന്നുവെന്നാരോപിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ ജോയിന്‍റ് ഡയറക്‌ടര്‍ക്കാണ് ഷർബരി മുഖർജി പരാതി നല്‍കിയത്. കൂടാതെ, കത്തിന്‍റെ പകര്‍പ്പുകള്‍ ഡിഐജിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നല്‍കി.
സുവേന്ദു അധികാരിക്കും സുജൻ ചക്രവർത്തിക്കും എതിരെ പരാതി നൽകാൻ മകൾ ദേബ്‌ജാനിയെ സിഐഡി നിരന്തരം പ്രേരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജയിലിൽ കഴിയുന്ന ദേബ്‌ജാനി സംസ്ഥാന അന്വേഷണ ഏജൻസിയുടെ സമ്മർദത്തെത്തുടർന്ന് മാനസികമായി തകർന്നിരിക്കുകയാണ്. ബിജെപിക്കും സിപിഎം നേതാക്കൾക്കുമെതിരെ പരാതി നൽകിയില്ലെങ്കിൽ ഒമ്പത് കേസുകളിൽ കൂടി ദേബ്‌ജാനിയെ ഉള്‍പെടുത്തുമെന്ന് ദേബ്‌ജാനിയെ സിഐഡി ഭീഷണിപ്പെടുത്തിയിരുന്നതായി നിസാം പാലസിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതിപട്ടികയില്‍ പ്രതിപക്ഷ നേതാവും: 2014 മുതല്‍ സിബിഐ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസ് അന്വേഷിച്ചുവരികയാണ്. വ്യവസായിയായ സുദീപ്‌ത സെന്നിന്‍റെ ഉടമസ്ഥതയിലുള്ള ശാരദ ഗ്രൂപ്പിന്‍റെ ഡയറക്‌ടറായിരുന്നു ദേബ്‌ജാനി. 2013 ഏപ്രിൽ 23ന് ശ്രീനഗറിൽ വച്ച് സുദീപ്‌ത സെന്നിനെയും അറസ്റ്റ് ചെയ്‌തിരുന്നു.
പശ്ചിമ ബംഗാളിന് പുറമെ ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നിരുന്നു. 2021ല്‍ കൊൽക്കത്ത ഹൈക്കോടതിയിലെ ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലും ജസ്റ്റിസ് അരിജിത് ബാനർജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ദേബ്‌ജാനിക്ക് ജാമ്യം അനുവദിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും കേസില്‍ ഉള്‍പെട്ടിട്ടുണ്ട്. തന്നെ ഭീഷണിപെടുത്തിയതിനാലാണ് സുവേന്ദു അധികാരിക്ക് വന്‍ തുക നല്‍കിയതെന്ന് സുദീപ്‌ത സെന്‍ പറഞ്ഞു.