മുംബൈ: പത്രചൗള്‍ ഭൂമി അഴിമതി കേസില്‍ ശിവസേന എംപി സഞ്ജയ് റാവത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്‌ടോബര്‍ 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് നടപടി.
കേസില്‍ സഞ്ജയ് റാവത്തിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്നതും ഒക്‌ടോബര്‍ 10ലേക്ക് മാറ്റി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഞ്ജയ് റാവത്തിന്റെ കസ്റ്റഡി നേരത്തെ ഒക്‌ടോബര്‍ മൂന്ന് വരെ നീട്ടിയിരുന്നു. പത്രചൗള്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയത് സംബന്ധിച്ച് ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ രാഷ്‌ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് ശിവസേനയുടെ ആരോപണം. കേസില്‍ സഞ്ജയ് റാവത്തിന്‍റെ ഭാര്യയെ അടക്കം ഇഡി ചോദ്യം ചെയ്തിരുന്നു. ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് കണക്കിൽപ്പെടാത്ത 1.08 കോടി രൂപ ഇഡി കണ്ടെത്തി. പത്ര ചൗൾ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്‌ഡിൽ റാവുത്തിന്‍റെ വസതിയിൽ നിന്ന് 11.50 ലക്ഷം രൂപയാണ് ഇഡി പിടിച്ചെടുത്തത്.
ഗോരേഗാവിലെ താമസ കേന്ദ്രമായ പത്രചൗളിലെ വീടുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇഡി കേസുകളിലേക്ക് നയിച്ചത്.