ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ കൊവിഡ് പരിശോധന നടത്തിയ മൃഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്. ആറ് സിംഹങ്ങളുടേയും രണ്ട് മൂങ്ങയുടേയും സാമ്പിൾ ഫലം നെഗറ്റീവ് ആണെന്ന് ഐവിആർഐ ബറേലിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വായനയ്‌ക്ക്: മൃഗങ്ങളുടെ സാമ്പിളുകൾ കൊവിഡ് പരിശോധനയ്‌ക്കയച്ച് ഡൽഹി മൃഗശാല
വിവിധ മൃഗശാലകളിലെ മൃഗങ്ങളിൽ വൈറസ് പരിശോധന നടത്തണമെന്ന അധികൃതരുടെ നിർദേശ പ്രകാരമാണ് മൃഗങ്ങളുടെ സാമ്പിൾ പരിശോധിച്ചതെന്ന് ദേശീയ സുവോളജിക്കൽ പാർക്ക് ഡയറക്ടർ രമേശ് പാണ്ഡെ പറഞ്ഞു. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പാർക്ക് ശുചിത്വവൽക്കരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിൽ രണ്ട് സിംഹങ്ങൾക്കും ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.