മുംബൈ : ഐആർഎസ് (ഇന്ത്യൻ റവന്യൂ സർവീസ്) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലംമാറ്റി. ടാക്സ്പേയർ സർവീസ് ഡയറക്‌ടറേറ്റിലേക്കാണ് മാറ്റം. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ ഡയറക്‌ടറായിരിക്കെ വാങ്കഡെയുടെ നേതൃത്വത്തിലാണ് നടൻ ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തത്.
കേസിൽ അടുത്തിടെ കുറ്റപത്രം സമർപ്പിച്ച എൻസിബി ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. പ്രതിപ്പട്ടികയിൽ നിന്ന് എൻസിബി ആര്യൻ ഖാനെ ഒഴിവാക്കിയതിനുപിന്നാലെയാണ് വീണ്ടും വാങ്കഡെയെ സ്ഥലംമാറ്റിയത്. കേസിൽ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്‌ചയുണ്ടായെന്ന് ലഹരി വിരുദ്ധ ഏജൻസി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തയുടന്‍ വൈദ്യ പരിശോധന നടത്തിയില്ലെന്നതുള്‍പ്പടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വീഡിയോ ചിത്രീകരിക്കാതെയാണ് റെയ്‌ഡ് നടത്തിയതെന്നായിരുന്നു ആര്യന്‍ ഖാന്‍ കേസില്‍ വാങ്കഡെയ്‌ക്കെതിരായ മറ്റൊരു ആരോപണം.
ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ അന്നത്തെ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികള്‍ വെളിപ്പെടുത്തി. ഇത് വിവാദമായതോടെയാണ് അന്വേഷണം എന്‍സിബിയുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. മുംബൈ എൻസിബി സോണൽ ഡയറക്‌ടറായിരിക്കെ നടൻ സുശാന്ത് സിങ് രാജ്‌പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്‍റെ അന്വേഷണത്തിലും വാങ്കഡെ വാർത്തകളിൽ ഇടം നേടി.
എൻസിബിയിലെ അദ്ദേഹത്തിന്‍റെ കാലാവധി അവസാനിച്ചതിന് ശേഷം വാങ്കഡെയെ ഈ വർഷം ആദ്യം മുംബൈയിലെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസിലേക്ക് (ഡിആർഐ) മാറ്റിയിരുന്നു. ജൂൺ 10നാകും വാങ്കഡെ ചെന്നൈയിലെ തന്‍റെ പുതിയ സേവനം ഏറ്റെടുക്കുക.