പ്രേക്ഷകര്‍ക്ക് ആവേശമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ഈദ് റിലീസ് ചിത്രം 'കിസി കാ ഭായ് കിസി കി ജാൻ' തിയേറ്ററുകളിലെത്തി. സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓരോ ദിവസവും ചിത്രത്തിന് ഏകദേശം 16,000 പ്രദർശനങ്ങളാണുള്ളത്.
വിദേശത്ത് 1,200 സ്‌ക്രീനുകളിലും, ഡൊമസ്‌റ്റിക്കലി (യുഎസ്, കാനഡ് തുടങ്ങിയിടങ്ങളില്‍) 4,500 സ്‌ക്രീനുകളുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. അതേസമയം 4500 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ത്യയിൽ പ്രദര്‍ശിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഇത്രയും സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന മികച്ച ബോളിവുഡ് ചിത്രങ്ങളില്‍ ഒന്ന് കൂടിയായി 'കിസി കാ ഭായ് കിസി കി ജാൻ'.
കിസി കാ ഭായ് കിസി കി ജാൻ ഉൾപ്പടെ ആറോളം ബോളിവുഡ് ചിത്രങ്ങള്‍ക്കാണ് ഇതുവരെ ഇത്രയും വലിയ റിലീസ് ലഭിച്ചിട്ടുള്ളത്. 'പഠാൻ', 'ബ്രഹ്മാസ്‌ത്ര', 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാൻ', 'ഭാരത്', 'ദബാംഗ് 3' എന്നിയാണ് വേള്‍ഡ് വൈഡായി റിലീസിനെത്തിയ മറ്റ് ബോളിവുഡ് ചിത്രങ്ങള്‍.
ഇന്ന് തിയേറ്ററുകളില്‍ എത്തിയ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് തിങ്കളാഴ്‌ച (ഏപ്രില്‍ 20) വൈകുന്നേരം തന്നെ ആരംഭിച്ചിരുന്നു. അതേസമയം കിസി കാ ഭായ് കിസി കി ജാന്‍റെ കലക്ഷനെ കുറിച്ച് ട്രേഡ് അനലിസ്‌റ്റ് അതുല്‍ മോഹന്‍ പ്രതികരിച്ചു.
'കലക്ഷനില്‍ ഒരു കുതിച്ചുചാട്ടം ഞാൻ പ്രതീക്ഷിക്കുന്നു (രണ്ടാം പകുതിയിലോ വൈകുന്നേരത്തിന് ശേഷമോ). പ്രദര്‍ശന ദിനത്തില്‍ മാന്യമായൊരു കലക്ഷന്‍ തന്നെ ലഭിക്കും. അടുത്ത അഞ്ചോ ആറോ ആഴ്‌ചകളിലേക്ക് മറ്റ് പ്രധാന റിലീസുകളൊന്നും ഇല്ലാത്തതിനാൽ ആദ്യ ദിനം 15 മുതൽ 18 കോടി വരെ ചിത്രം നേടാം' -അതുല്‍ മോഹന്‍ പറഞ്ഞു.
2019ല്‍ പുറത്തിറങ്ങിയ 'ഭാരത്' ആയിരുന്നു സല്‍മാന്‍ ഖാന്‍റേതായി ഇതിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ചിത്രം. സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറില്‍ സൂപ്പര്‍താര തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ സല്‍മാന്‍റെ നായികയായി എത്തിയത്.
കൂടാതെ വെങ്കിടേഷ് ദഗ്ഗുബാട്ടി, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. ഷെഹ്‌നാസ് ഗില്ലിന്‍റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് 'കിസി കാ ഭായ് കിസി കി ജാൻ'. തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള ഷെഹ്‌നാസ് ഗില്ലിന്‍റെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
'കിസി കാ ഭായ് കിസി കി ജാനി'ലേയ്‌ക്ക് സല്‍മാന്‍ ഖാനാണ് തനിക്ക് അവസരം നല്‍കിയതെന്ന് ഷെഹ്‌നാസ് പറഞ്ഞിട്ടുണ്ട്. തന്‍റെ അമ്മയുടെ പ്രവചനങ്ങൾ എപ്പോഴും കൃത്യമാണെന്ന് തെളിയിച്ചതായും ഷെഹ്‌നാസ് പറഞ്ഞു. ഒരു മ്യൂസിക് വീഡിയോയില്‍ നിന്ന് തന്നെ നിരസിച്ചതിനെ കുറിച്ചും ഷെഹ്‌നാസ് ഗില്‍ പറഞ്ഞിരുന്നു.
'എന്‍റെ ആദ്യ മ്യൂസിക് വീഡിയോയുടെ സെറ്റിലേക്ക് പോയപ്പോൾ അതില്‍ നിന്നും എന്നെ നിരസിക്കുകയായിരുന്നു. ഞങ്ങൾ അവളോടൊപ്പം ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഞാൻ തിരികെ വീട്ടിൽ വന്ന് ഒരുപാട് കരഞ്ഞു. നിരസിക്കപ്പെട്ടതായി തോന്നി. അമ്മ എന്നോട് പറഞ്ഞു, 'നീ എന്തിനാ കരയുന്നെ... ഒരു ദിവസം നീ സൽമാൻ ഖാന്‍റെ സിനിമയിൽ വരും'. -ഷെഹ്‌നാസ് ഗില്‍ പറഞ്ഞു.
Also Read: സൽമാൻ ഖാന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌ത് ഷെഹ്‌നാസ് ഗില്‍, സത്യം ഇതാണ് ; തുറന്ന് പറഞ്ഞ് താരം