മുംബൈ: സ്‌ത്രീകളുടെ ശരീരം വിലപ്പെട്ടതാണെന്നും അത് എത്രത്തോളം മൂടുന്നുവോ അത്രയും നല്ലതാണെന്നും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. നടി പാലക് തിവാരിയയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് താരത്തിനെതിരെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് പ്രതികരണവുമായി നടനെത്തിയത്. ആപ് കി അദാലത്ത് എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.
സല്‍മാന്‍റെ സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ സ്‌ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്‌ത്രങ്ങള്‍ ധരിക്കരുതെന്ന് നടന്‍ ഏപ്പോഴും നിര്‍ദേശിക്കാറുണ്ടെന്ന നടി പാലക് തിവാരിയുടെ വെളിപ്പെടുത്തലാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. മാന്യമായ സിനിമകള്‍ ചെയ്യുമ്പോള്‍ എല്ലാവരും അത് കുടുംബത്തോടൊപ്പം ഇരുന്ന് ആസ്വദിച്ച് കാണുമെന്നും എന്നാല്‍ മറിച്ചാണെങ്കില്‍ കുടുംബത്തോടൊപ്പം ഇരുന്ന് സിനിമ കാണാന്‍ സാധിക്കില്ലെന്നും നടന്‍ പറഞ്ഞു. പ്രശ്‌നം സ്‌ത്രീകളുടേതല്ല. പുരുഷന്മാരുടേതാണ്. പുരുഷന്മാര്‍ സ്‌ത്രീകളെ കാണുന്ന രീതിയുടേതാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
പാലക് തിവാരിയുടെ വെളിപ്പെടുത്തലില്‍ സിനിമയില്‍ ഷര്‍ട്ട് അഴിച്ച് മാറ്റി അഭിനയിക്കുന്ന സല്‍മാന്‍ ഖാന്‍റെ ഇരട്ടത്താപ്പാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും അത് അംഗീകരിക്കാനാകുമോയെന്നുമുള്ള അവതാരകന്‍ രജത് ശര്‍മയുടെ ചോദ്യത്തിന് സല്‍മാന്‍ ഖാന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ഇത് ഒരിക്കലും ഇരട്ടത്താപ്പല്ല. സ്‌ത്രീകളുടെ ശരീരം കൂടുതല്‍ വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും അത് എത്രത്തോളം കവര്‍ ചെയ്യാനാകും അത്രയും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍, ഭാര്യമാര്‍ അവരാരും അപമാനത്തിലൂടെ കടന്ന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവരെയാരും മോശമായി കാണരുതെന്നുമാണ് താന്‍ ചിന്തിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദേശിക്കുന്നതെന്ന അവതാരകന്‍റെ ചോദ്യത്തിന് തന്‍റെ സിനിമകള്‍ ശുദ്ധമാണെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും ഒരുപക്ഷേ യുവാക്കളുടെ ചിന്താഗതികള്‍ തെറ്റായിരിക്കും അതിനാല്‍ താന്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ നമ്മുടെ നായികമാരെ മോശം രീതിയില്‍ വിലയിരുത്തപ്പെടാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. തന്‍റെ സെറ്റിലെ സ്‌ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാര്‍ നോക്കുന്നത് തനിക്ക് ഇഷ്‌ടമല്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
പാലക് തിവാരിയുടെ പ്രസ്‌താവനയില്‍ പലര്‍ക്കും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെന്നും സെറ്റിലെ സ്‌ത്രീകള്‍ മാന്യമായി വസ്‌ത്രം ധരിക്കുന്നതാണ് നല്ലതെന്നും അവരെയും അവരുടെ ശരീരത്തെയും താന്‍ ബഹുമാനിക്കും പോലെ മറ്റുള്ളവരും ചെയ്യണമെന്നാണ് താന്‍ ഉദേശിച്ചതെന്നും നടന്‍ വ്യക്തമാക്കി. പതിനേഴാം വയസില്‍ അടിവസ്‌ത്രം മാത്രം ധരിച്ച് താങ്കള്‍ അഭിനയിച്ചിരുന്നില്ലെയെന്ന അവതാരക ചോദ്യത്തിന് അന്നത്തെ സാഹചര്യത്തില്‍ അത് പ്രശ്‌നമില്ലായിരുന്നുവെന്നും ഇന്നത്തെ സാഹചര്യം വളരെ മോശമാണെന്നും നടന്‍ പറഞ്ഞു.
പാലക് തിവാരിയുടെ വെളിപ്പെടുത്തലുകള്‍: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ സ്‌ത്രീകള്‍ക്ക് ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കാന്‍ അനുവാദമില്ലെന്ന വെളിപ്പെടുത്തലുമായി പാലക് തിവാരി രംഗത്തെത്തിയത്. ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കരുതെന്ന് മാത്രമല്ല എല്ലാവരും വൃത്തിയുള്ള വസ്‌ത്രം ധരിക്കണമെന്നും താരത്തിന് നിര്‍ബന്ധമാണെന്നും തിവാരി പരഞ്ഞിരുന്നു. സല്‍മാന്‍ ഖാന്‍ അദ്ദേഹത്തിന്‍റെ പാരമ്പര്യം മുറുകെ പിടിക്കുന്ന വ്യക്തിയാണെന്നും പാലക് തിവാരി പറഞ്ഞിരുന്നു. ആര്‍ക്കും എന്ത് വസ്‌ത്രവും ധരിക്കാം.
എന്നാല്‍ തന്‍റെ സെറ്റില്‍ സ്‌ത്രീകള്‍ സംരക്ഷിക്കപ്പെടണം. പ്രത്യേകിച്ചും അപരിചിതരായ പുരുഷന്മാര്‍ സെറ്റില്‍ ഉണ്ടാകുന്ന സമയത്തും അദ്ദേഹം പറയാറുണ്ടെന്ന് പാലക് തിവാരി വെളിപ്പെടുത്തി. ഫര്‍ഹദ് സംജി സംവിധാനം ചെയ്‌ത 'കിസി കാ ഭായി കിസി കി ജാന്‍' എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ ഒടുവില്‍ അഭിനയിച്ചത്.