ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് തീരുമാനം അവഗണിച്ച് സര്‍ക്കാറിനെതിരെ ഏകദിന ഉപവാസ സമരം നടത്തിയ സച്ചിന്‍ പൈലറ്റിന്‍റെ നിലപാട് ശരിയായില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഉപവാസ സമരത്തിന് പിന്നാലെ ഡല്‍ഹിയിലെത്തിയ സച്ചിന്‍ പൈലറ്റുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് ഗെലോട്ടിന്‍റെ പ്രതികരണം. അതേസമയം സച്ചിന്‍ പൈലറ്റിനെതിരെ തിടുക്കപ്പെട്ടുള്ള നടപടി എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനമായത് കൊണ്ട് തന്നെ നടപടിയെടുക്കുന്ന വിഷയം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാനാണ് കോണ്‍ഗ്രസ് നീക്കം. ഡല്‍ഹിയിലെത്തിയ സച്ചിന്‍ പൈലറ്റുമായി അശോക് ഗെലോട്ട് അരമണിക്കൂര്‍ ചര്‍ച്ച നടത്തി. ചര്‍ച്ച വ്യാഴാഴ്‌ചയും തുടരുമെന്നാണ് സൂചന.
ഗെലോട്ടിന് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്‌ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ബിജെപി സര്‍ക്കാറിനെതിരെയുള്ള സച്ചിന്‍ പൈലറ്റിന്‍റെ ആരോപണത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിക്കുന്നത്. അദ്ദേഹത്തിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗെലോട്ട്.
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരായ അഴിമതി കേസുകളില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജയ്‌പൂരില്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്‍റെ ഡല്‍ഹി സന്ദര്‍ശനം. സച്ചിന്‍ പൈലറ്റിന്‍റെ സമരം അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണെന്നും വിദഗ്‌ധര്‍ പറയുന്നു.
സച്ചിന്‍ പൈലറ്റിന്‍റെ സമര നടപടികള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്ന് കോണ്‍ഗ്രസ് താക്കീത് ചെയ്‌തിരുന്നുവെങ്കിലും ഹൈക്കമാന്‍ഡിനെ കാണാന്‍ അദ്ദേഹം ഡല്‍ഹിയിലെത്തിയത് പാര്‍ട്ടിക്ക് അനുകൂല സൂചനയാണ് നല്‍കിയിരുന്നത്.
പേരും ചിഹ്നവുമില്ലാത്ത ഉപവാസം: കോണ്‍ഗ്രസിന്‍റെ പേരോ ചിഹ്നമോ ഇല്ലാതെയാണ് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയത്. മുന്‍ ബിജെപി സര്‍ക്കാറിന്‍റെ അഴിമതിക്ക് എതിരായ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സമരത്തിന് ശേഷം സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് നടപടിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ നാല് വര്‍ഷമായി അത് നടന്നിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞിരുന്നു.
അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ പുതിയതല്ലെന്നും നിരവധി അഴിമതികള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപവാസ സമരത്തിന് പിന്നാലെ സാധാരണക്കാരുടെ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ച് ഗെലോട്ട്: സച്ചിന്‍ പൈലറ്റിന്‍റെ ഉപവാസ സമരത്തിന് പിന്നാലെ സര്‍ക്കാറിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം പട്ടികപ്പെടുത്തിയുള്ള ഒരു വീഡിയോ ഗെഹ്‌ലോട്ട് പുറത്തിറക്കിയിരുന്നു. 2029 ഓടെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി രാജസ്ഥാന്‍ മാറുമെന്നും സംസ്ഥാനത്തെ വിലക്കയറ്റം പരിഹരിക്കപ്പെടുമെന്നും വീഡിയോയില്‍ ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. സച്ചിന്‍ പൈലറ്റിന്‍റെ ഉപവാസ സമരവും നടപടികളും പാര്‍ട്ടി താത്‌പര്യങ്ങള്‍ക്ക് വിരുദ്ധവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വന്തം സര്‍ക്കാറുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുന്നതിന് പകരം പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു.
സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യങ്ങള്‍: വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാറിന്‍റെ ഭരണ കാലത്തുണ്ടായ അഴിമതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം. എക്‌സൈസ് മാഫിയ കേസ്, ലളിത് മോദി സത്യവാങ്മൂലം കേസ്, ഭൂമി കയ്യേറ്റം, അനധികൃത ഖനനം തുടങ്ങിയ കേസുകള്‍ക്ക് എതിരെ നടപടി എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുമെന്നാണ് സച്ചിന്‍റെ പൈലറ്റിന്‍റെ വാദം.