ജയ്‌പൂര്‍ : രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ 'കൊറോണ' പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് നടന്ന വിവിധ പൊതുയോഗങ്ങളിൽ താൻ ആർക്കെതിരെയും വ്യക്തിപരമായ ആക്രമണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌പൂര്‍ മഹാരാജ കോളജ് ലൈബ്രറി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പോയി. അവിടെയല്ലാം ഞാന്‍ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് സംസാരിച്ചത്. ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്ന നേതാക്കളെയും അദ്ദേഹം പൊതുപരിപാടിയില്‍ വിമര്‍ശിച്ചിരുന്നു. 'രാഷ്ട്രീയത്തിൽ, എനിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്‍റെ എതിരാളികളെ ഞാൻ എപ്പോഴും ബഹുമാനിക്കുന്നുണ്ട്. എന്നെ എതിർക്കുന്നവരെയും ഞാൻ എപ്പോഴും ബഹുമാനിക്കുന്നു. അവരുടെ നയങ്ങളെയും ഭരണപരമായ പ്രവർത്തനങ്ങളെയും ഞാൻ ബഹുമാനിക്കുന്നു.
പല അഴിമതിയും ഞാൻ തുറന്നുകാട്ടി. പക്ഷേ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വ്യക്തിപരമായ ആക്രമണങ്ങളുടെ പേരിലല്ല, പ്രത്യയശാസ്ത്രങ്ങളുടെയും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെയും പേരില്‍ വേണം എതിര്‍പ്പ് ഉന്നയിക്കേണ്ടത്' - സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
2024 ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരത് ജോഡോ യാത്രയിലൂടെ ഉള്‍പ്പടെ ജനപിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോഴാണ് നേതൃത്വത്തിന് തലവേദന സൃഷ്‌ടിച്ച് രാജസ്ഥാനില്‍ ഉള്‍പ്പാര്‍ട്ടി പോര് വീണ്ടും പരസ്യമാകുന്നത്. കഴിഞ്ഞ ബുധനാഴ്‌ച എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികളുമായി ഗെഹ്‌ലോട്ട് നടത്തിയ പ്രീ ബജറ്റ് മീറ്റിങ്ങിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വിഡിയോയിലാണ് കൊവിഡ് മഹാമാരിക്ക് ശേഷം തങ്ങളുടെ പാര്‍ട്ടിയിലും കൊറോണ വൈറസ് പ്രവേശിച്ചുവെന്ന പരാമര്‍ശം രാജസ്ഥാന്‍ മുഖ്യമന്ത്രി നടത്തിയത്.
വ്യക്തമായി ആരുടെയും പേര് പറയാതെയായിരുന്നു ഗെഹ്‌ലോട്ടിന്‍റെ പരാമര്‍ശം. മീറ്റിങ്ങില്‍ പങ്കെടുത്ത ഒരു പ്രതിനിധിയോട് സംസാരിച്ച അദ്ദേഹം "ഞാൻ മീറ്റിംഗ് ആരംഭിച്ചു. നേരത്തെ കൊറോണ വന്നു. ഒരു വലിയ കൊറോണ ഞങ്ങളുടെ പാർട്ടിയിലും പ്രവേശിച്ചു" - എന്ന് പറയുകയായിരുന്നു.
സച്ചിന്‍ പൈലറ്റ് തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഗെഹ്‌ലോട്ടിന്‍റെ പരാമര്‍ശം എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാനില്‍ 2018ല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയത് മുതല്‍ തന്നെ ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അധികാര തര്‍ക്കവും ആരംഭിച്ചിരുന്നു.