ജയ്‌പൂര്‍ : അശോക് ഗെലോട്ട് സര്‍ക്കാരുമായുള്ള പടലപ്പിണക്കം തുടരുന്നതിനിടെ സച്ചിൻ പൈലറ്റ് നടത്തുന്ന 'ജൻ സംഘർഷ് യാത്ര' രണ്ടാം ദിനത്തില്‍. പദയാത്രയില്‍ ഏകദേശം 25 കിലോമീറ്ററാണ് സച്ചിന്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെക്കെതിരെയാണ് താൻ ആരോപണം ഉന്നയിച്ചതെന്നും അതുകൊണ്ടാണ് താന്‍ പ്രതിസന്ധി നേരിട്ടതെന്നും സച്ചിന്‍ പറഞ്ഞു.
ഇടിവി ഭാരത് പ്രതിനിധിയോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണ ശരമെയ്‌തത്. തനിക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ പോലും ഉയരാന്‍ സാധ്യതയുണ്ട്. അത് ഒരു പക്ഷേ തന്‍റെ അടുത്ത അനുയായികള്‍ക്കെതിരെയും വന്നേക്കാം. അത് നേരിടാന്‍ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് മുന്നൊരുക്കം സജീവമാക്കവെയാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍റെ പുതിയ നീക്കം. മെയ് 11ന് ഉച്ചയ്ക്ക് അജ്‌മീറിൽ നിന്ന് ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ സമാപനം ജയ്‌പൂരിലാണ്. സംസ്ഥാനത്തെ അഴിമതിയടക്കമുള്ള വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ പദയാത്ര.
അഞ്ച് ദിവസം കൊണ്ട് 125 കിലോമീറ്റർ ലക്ഷ്യം: സച്ചിന്‍ പൈലറ്റ് തന്‍റെ ശക്തികേന്ദ്രമായി കണക്കാക്കുന്ന ഇടങ്ങളാണ് കിഴക്കൻ രാജസ്ഥാന്‍ മുതല്‍ അജ്‌മീര്‍ വരെയുള്ള പ്രദേശം. ഈ സാഹചര്യത്തില്‍ പദയാത്രകൊണ്ട് എന്താണ് സച്ചിന്‍ ലക്ഷ്യമിടുന്നതെന്ന ചോദ്യം ശക്തമാണ്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം കിഴക്കൻ മേഖലയിലെ ഗുജ്ജർ ആധിപത്യമുള്ള പ്രദേശങ്ങളിൽ മാത്രമാണെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രചാരണത്തെ ചെറുക്കാനാണ് 'ജൻ സംഘർഷ് യാത്ര'യെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. അഞ്ച് ദിവസം കൊണ്ട് 125 കിലോമീറ്റർ പിന്നിടാനാണ് നേതാവിന്‍റെ ഉദ്ദേശം.