അഹമ്മദാബാദ്: മഹാത്മാഗാന്ധിയും സബർമതി നദിയും തമ്മിൽ അനിഷേധ്യമായ ബന്ധമാണുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെയെത്തിയ ശേഷം ഗാന്ധിജി അഹമ്മദാബാദിൽ ആശ്രമം പണിയാൻ തീരുമാനിക്കുകയും 1917ൽ സബർമതി ആശ്രമം സ്ഥാപിക്കുകയും ചെയ്‌തു. എന്നാൽ സബർമതി ആശ്രമം സ്ഥാപിക്കുന്നതിന് മുൻപ് ഗാന്ധിജി രണ്ട് വർഷം കൊച്ചറാബ് ആശ്രമത്തിൽ താമസിച്ചു.
നദീതീരത്ത് ആശ്രമം സ്ഥാപിക്കാനായി പ്രേംചന്ദ്ഭായ് ഒരു ഏക്കർ സ്ഥലം 2,556 രൂപയ്ക്ക് നൽകിയെന്നും ആശ്രമത്തിന്‍റെ പണി കഴിഞ്ഞയുടൻ മഹാത്‌മാ ഗാന്ധി കൊച്ചറാബ് ആശ്രമത്തിൽ നിന്ന് സബർമതി ആശ്രമത്തിലേക്ക് മാറിയെന്നും ചരിത്രകാരനായ ഡോ. മനേക്ഭായ് പട്ടേൽ പറയുന്നു.
ഒരു സമൂഹത്തിനൊപ്പം വളരുന്ന ആശ്രമം ഗാന്ധിജിയുടെ ആശയമായിരുന്നു. സബർമതി നദിയുടെ തീരങ്ങൾ ബാപ്പുവിന്‍റെ ആശയങ്ങൾക്ക് നിറമേകി. സബർമതി ആശ്രമവും ചുറ്റുപാടും അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടു.
ഇതിന്‍റെ ഒരു വശത്ത് ശ്മശാനവും മറുവശത്ത് ജയിലുമായതിനാൽ ഈ സ്ഥലം ആശ്രമത്തിന് അനുയോജ്യമാണെന്ന് ഗാന്ധിജിയും അന്ന് പറഞ്ഞിരുന്നു. ആശ്രമത്തിൽ വരുന്ന ഏതൊരു സത്യഗ്രഹിക്കും രണ്ട് നിവൃത്തിയേ ഉള്ളൂ. ഒന്നുകിൽ സത്യഗ്രഹം ചെയ്‌തതിന് ജയിലിലേക്ക് പോകുക, അല്ലെങ്കിൽ സത്യഗ്രഹത്തിലൂടെ ജീവത്യാഗം ചെയ്യാൻ തയാറാകുക എന്ന് ഗാന്ധി ആശ്രമം ഡയറക്‌ടർ അതുൽ പാണ്ഡ്യ പറയുന്നു.
ലാളിത്യം ബാപ്പുവിന്‍റെ ജീവിതപര്യായമാണ്. ആശ്രമം ആ മഹത്വത്തെ പ്രതിഫലിപ്പിച്ചു. അതേസമയം കൂട്ടായ പ്രവർത്തനങ്ങൾക്ക് ആശ്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകി. ഹൃദയകുഞ്ച് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി ആശ്രമത്തിന്‍റെ പ്രധാന ഭാഗം ഗാന്ധിജിയുടെ വാസസ്ഥലമായിരുന്നു.
കാകാസാഹേബ് കലേൽക്കർ ആണ് ഹൃദയകുഞ്ച് എന്ന പേര് നൽകിയതെന്ന് അതുൽ പാണ്ഡ്യ പറയുന്നു. ഗാന്ധിജിയാണ് ആശ്രമത്തിന്‍റെ ഹൃദയം എന്നും അതിനാലാണ് അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തിന് ഹൃദയകുഞ്ച് എന്ന പേര് നൽകിയതും. ഗാന്ധിജിക്ക് ഹൃദയകുഞ്ചിൽ പ്രത്യേക കിടപ്പുമുറി ഉണ്ടായിരുന്നില്ല. ഹൃദയകുഞ്ചിന്‍റെ ഇടനാഴിയിൽ അദ്ദേഹം ചർക്കയിൽ നൂൽനൂൽക്കുകയും സമീപത്തു തന്നെ ഉറങ്ങുകയും ചെയ്തുവെന്ന് അതുൽ പാണ്ഡ്യ പറയുന്നു.
പ്രാർഥനയാണ് മഹാത്മ എല്ലാവരോടും നിർബന്ധമായി ചെയ്യാൻ പറഞ്ഞത്. തന്‍റെ ജീവിതത്തിലുടനീളം പ്രഭാതത്തിൽ ഗാന്ധി ആദ്യം ചെയ്‌തതും അതായിരുന്നു. ഗാന്ധിജിയുടെ ജീവിതത്തിൽ പ്രാർഥനയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നു. ആശ്രമത്തിലെ ദിനചര്യ പുലർച്ചെ 4.30നുള്ള പ്രാർഥനയിൽ നിന്നുമാരംഭിച്ച് വൈകുന്നേരത്തെ പ്രാർഥനയിൽ അവസാനിക്കുന്നതായിരുന്നു. അന്നത്തെ നടപടിക്രമങ്ങളും അടുത്ത ദിവസത്തേക്കുള്ള പദ്ധതിയും ആശ്രമം ചർച്ച ചെയ്തു. സായാഹ്ന യോഗത്തിന് ശേഷമാണ് ചർച്ച നടന്നിരുന്നത്. ഹൃദയകുഞ്ചിന് സമീപം പ്രാർഥനായോഗങ്ങൾക്കായി പ്രത്യേക സ്ഥലമുണ്ട്.
ഗാന്ധിജി അക്കാലത്ത് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും വിദേശത്ത് നിന്നും നിരവധി പേർ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നിരുന്നാലും ആശ്രമത്തിന്‍റെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരുന്നു.
ഗാന്ധിജിയുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മീരാഭായ് ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് വരാനും ഗാന്ധിജിക്കൊപ്പം താമസിക്കാനും തീരുമാനിച്ചത്. മീരാഭായ് തന്‍റെ വസ്ത്രധാരണ രീതി പൂർണമായും മാറ്റുകയും ഖാദി നെയ്യാനും ചർക്ക തിരിക്കാനും പഠിച്ചുവെന്നും ചരിത്രകാരൻ മനേക്ഭായ് പട്ടേൽ പറയുന്നു.
ആശ്രമം ഗാന്ധിജിയുടേയോ മറ്റ് സത്യഗ്രഹികളുടെയോ അഭയകേന്ദ്രം മാത്രമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിലും ആശ്രമം പ്രധാന പങ്ക് വഹിച്ചു. ദേശീയ അവബോധത്തിന്‍റെയും സാമൂഹിക മാറ്റത്തിന്‍റെയും നിരവധി പ്രസ്ഥാനങ്ങളുടെ തുടക്കം ഇവിടെ നിന്നുമായിരുന്നു. സബർമതി ആശ്രമത്തിന് നിലവിൽ 165 ആശ്രമങ്ങളുണ്ട്. ഗാന്ധിജിയുടെ മരണശേഷം ആശ്രമത്തിൽ 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന ഗ്യാലറി സ്ഥാപിച്ചു.
ബാപ്പുവിന്‍റെ കുട്ടിക്കാലം മുതൽ അവസാനം വരെയുള്ള ജീവിതം ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ സ്വാശ്രയരാക്കുന്നതിനോടൊപ്പം തദ്ദേശീയമായ കാര്യങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ആശ്രമത്തിന്‍റെ പ്രധാന ഉദ്ദേശ്യം.
ഗാന്ധിയുടെ മരണശേഷം അദ്ദേഹത്തിന്‍റെ സ്മാരക മ്യൂസിയം ആശ്രമ പരിസരത്ത് സ്ഥാപിക്കപ്പെട്ടു. ഗാന്ധിജിയുടെ കണ്ണട, നടക്കാൻ ഉപയോഗിച്ച വടി, വെള്ളം കുടിക്കാൻ ഉപയോഗിച്ച ചെമ്പ് പാത്രം, ഗാന്ധി ഉപയോഗിച്ച ചക്രം എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.