മുംബൈ: 'ദി കേരള സ്റ്റോറി'യെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ചൂടുപിടിപ്പിക്കുന്നതിനിടെ മഹാരാഷ്‌ട്രയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കുറിച്ച് ശിവസേന (ഉദ്ധവ് പക്ഷം)യുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയല്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മഹാരാഷ്ട്രയിൽ നിന്ന് 5,610 യുവതികളെ കാണാതായി എന്ന ഞെട്ടിക്കുന്ന വസ്‌തുത പുറത്തുവന്നതായി സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 2,200 പെൺകുട്ടികളെ കാണാതായി എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ഏറ്റവും കൂടുതല്‍ തിരോധാനം നടന്നതും മാര്‍ച്ചില്‍ തന്നെയാണ്. പ്രതിദിനം ശരാശരി 70 പെൺകുട്ടികളെ കാണാതാവുന്നു. ഇത്തരം സാഹചര്യം തടയാന്‍ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ശക്തമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും സാമ്‌ന പറഞ്ഞു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ ദി കേരള സ്റ്റോറിയുടെ പ്രദർശനം സംസ്ഥാനത്ത് നിരോധിച്ച പശ്ചാത്തലത്തിലാണ് സാമ്‌നയുടെ എഡിറ്റോറിയൽ. ചിത്രം സമാധാനവും സാമുദായിക സൗഹാർദവും തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാളില്‍ ദി കേരള സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
അതേസമയം, ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിൽ നിന്ന് 1,600 പെൺകുട്ടികളെ കാണാതായതായും ഫെബ്രുവരിയിൽ 1,810 പെൺകുട്ടികളെ കാണാതായതായും മാര്‍ച്ചില്‍ 2,200 പെൺകുട്ടികളെ കാണാതായതായും മഹാരാഷ്ട്ര സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ ട്വീറ്റ് ചെയ്‌തു. സംസ്ഥാന പൊലീസിൽ നിന്നാണ് വനിത കമ്മിഷന് ഈ റിപ്പോർട്ടുകൾ ലഭിച്ചത്. കാണാതാകുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം അനുദിനം വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് രൂപാലി ചക്കങ്കർ പറഞ്ഞു.
ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) രേഖകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ നിന്ന് 40,000 സ്ത്രീകളും പെൺകുട്ടികളും അപ്രത്യക്ഷരായെന്നും പ്രസ്‌തുത എഡിറ്റോറിയലിൽ പറയുന്നുണ്ട്. രാജ്യത്തെ വികസനത്തിന്‍റെ ഏക മാതൃക ഗുജറാത്താണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്നും സാമ്‌ന പറയുന്നു. എൻസിആർബിയുടെ ഈ ഒരു റിപ്പോർട്ട് ഗുജറാത്തിലെ സ്ഥിതി തുറന്നുകാട്ടിയെന്നും പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവർത്തനത്തെക്കുറിച്ച് പറയാൻ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ മതിയെന്നും സാമ്‌നയുടെ എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നു.
അതേസമയം ദി കേരള സ്റ്റോറി വലിയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിരിക്കുകയാണ്. വസ്‌തുതകള്‍ വളച്ചൊടിച്ച് തെറ്റായ വിവരം നല്‍കുന്നു എന്നാണ് സിനിമയെ കുറിച്ച് പൊതുവെ ഉയരുന്ന ആരോപണം. സമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് ദി കേരള സ്റ്റോറി പശ്ചിമ ബംഗാളില്‍ നിരോധിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നിന്ന് പ്രിന്‍റ് നീക്കം ചെയ്യുന്നതിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കിയിരുന്നു.
ബംഗാളിന് പുറമെ തമിഴ്‌നാട്ടിലും ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം റദ്ദാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ ഞായറാഴ്‌ച മുതലാണ് പ്രദര്‍ശനം റദ്ദാക്കിയത്. ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത് എന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും കാട്ടിയാണ് തമിഴ്‌നാട്ടിലെ നിരോധനം.
Also Read: 'ദി കേരള സ്റ്റോറി' അണിയറ പ്രവര്‍ത്തകന് ഭീഷണി; സുരക്ഷ ഒരുക്കി മുംബൈ പൊലീസ്