സിഡ്‌നി: അദാനി വിഷയത്തില്‍ ഹംഗേറിയന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്‍റെ പ്രസ്‌താവനയില്‍ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. തന്‍റെ കാഴ്‌ചപ്പാടുകളിലൂടെ വേണം ലോകം പ്രവര്‍ത്തിക്കേണ്ടത് എന്ന് കരുതപ്പെടുന്ന ഒരു പഴയ ധനിക ചിന്താഗതിയുള്ള വ്യക്തിയാണ് സോറോസ് എന്ന് ജയശങ്കര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ സിഡ്‌നിയില്‍ മന്ത്രി ക്രിസ് ബ്രൗണുമായി ചേര്‍ന്ന് ഒരു വേദിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ന്യൂയോര്‍ക്കില്‍ ഇരിക്കുന്ന പഴയ ധനികനായ ഒരു വ്യക്തിയാണ് ജോര്‍ജ് സോറോസ്. ലോകം എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് തന്‍റെ കാഴ്‌ചപ്പാടുകള്‍ നിര്‍ണയിക്കണമെന്ന് കരുതുന്ന വ്യക്തിയാണ് അദ്ദേഹം. തങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അവരെപ്പോലുള്ളവര്‍ തെരഞ്ഞെടുപ്പ് നല്ലതാണെന്ന അഭിപ്രായം ഉന്നയിക്കും.
മറിച്ചായാല്‍, അവര്‍ പറയും ഇത് വികലമായ ജനാധിപത്യത്തിന്‍റെ ഫലമാണെന്ന്. തുറന്ന സമൂഹത്തിന്‍റെ വക്താക്കള്‍ എന്ന വ്യാജേനയാണ് അവരെല്ലാം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത് എന്നതാണ് ഇതിന്‍റെ ഭംഗി'- ജയശങ്കര്‍ പറഞ്ഞു.
വിദേശ നിക്ഷേപകരോടും പാര്‍ലമെന്‍റിനോടും അദാനി വിഷയത്തില്‍ മോദി ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മൗനം തുടരുകയാണ് ചെയ്യുന്നതെന്നാണ് കഴിഞ്ഞ ദിവസം ജോര്‍ജ് സോറോസ് അഭിപ്രായപ്പെട്ടത്. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മോദിയും അദാനിയും അടുത്ത സഖ്യകക്ഷികളാണ്. അദാനിക്കുണ്ടായ വിധി ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ മോദിയുടെ തകര്‍ച്ചയ്‌ക്കും വഴിയൊരുക്കും. ഇതിലൂടെ ആവശ്യമായ സ്ഥാപനപരമായ പരിഷ്‌കാരങ്ങൾക്കുള്ള അവസരമൊരുങ്ങും. ഞാന്‍ ഒരു നിഷ്‌കളങ്കന്‍ ആയതുകൊണ്ടാണോ എന്നറിയില്ല, ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്'- എന്നായിരുന്നു സോറോസിന്‍റെ പ്രസ്‌താവന.
സോറോസിന്‍റെ ആരോപണങ്ങള്‍ അപഹാസ്യകരം: സിഡ്‌നിയില്‍ സംസാരിക്കവെ രാജ്യത്ത് ആരാലും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ജനാധിപത്യരാജ്യമായ ഇന്ത്യയിലുള്ളതെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇവിടെ നിന്ന് ആരും കോടതിയില്‍ മധ്യസ്ഥത വഹിക്കാന്‍ പോകാറില്ല.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണെന്ന് സോറോസ് തന്നെ സമ്മതിച്ചു. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഒരു ജനാധിപത്യവാദിയായി അല്ല അദ്ദേഹം കാണുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്‌ലിമുകളുടെ പൗരത്വം ഞങ്ങള്‍ എടുത്ത് കളയാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം നേരത്തെ ആരോപിച്ചു.
എന്നാല്‍ രാജ്യത്ത് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. തീര്‍ത്തും അപഹാസ്യകരമായ രീതിയിലുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജോര്‍ജ് സോറോസ് യുദ്ധ കുറ്റവാളി': സോറോസിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. 'ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്ത യുദ്ധ കുറ്റവാളിയായ സോറോസിന്‍റെ ലക്ഷ്യം ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യമാണ്. രാജ്യത്തിന്‍റെ ജനാധിപത്യത്തില്‍ കൈ കടത്താന്‍ ശ്രമിക്കുന്ന വിദേശ ശക്തികളെ തടയാന്‍ ഇന്ത്യക്കാര്‍ ഒരുമിച്ച് തന്നെ രംഗത്ത് വരേണ്ടതുണ്ട്.
ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ ശ്രമിക്കുന്ന വിദേശ ശക്തികള്‍ക്കെതിരെ നാം മുന്‍പ് പ്രതികരിച്ചതുപോലെ തന്നെ ഇപ്പോഴും മറുപടി പറയണം', എന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി അഭിപ്രായപ്പെട്ടിരുന്നു.