പനാജി: ഗോവയില്‍ നടന്ന, ഷാങ്‌ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടിയില്‍ 14 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയെ കൈകൂപ്പി നമസ്‌കാരം പറഞ്ഞ് സ്വീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഹസ്‌തദാനം നല്‍കി സ്വീകരിക്കുന്ന പതിവ് രീതികളില്‍ നിന്നും വിപരീതമായാണ് ഇത്തവണ ജയശങ്കര്‍ നമസ്‌കാരം പറഞ്ഞ് സ്വീകരിച്ചത്. ഷാങ്‌ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിങിന്‍റെ രണ്ടാം ദിനവും അതോടൊപ്പം തന്നെ സമാപന ദിനവുമായ ഇന്ന് അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാകിസ്ഥാനെ പേരെടുത്തു പറയാതെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും എസ്‌സിഒ അധ്യക്ഷനുമായ എസ് ജയശങ്കര്‍ പ്രസംഗം ആരംഭിച്ചത്.
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ്‌സിഒ അധ്യക്ഷന്‍: ഭീകരവാദത്തിന്‍റെ ഭീഷണി അനിയന്ത്രിതമായി തുടരുകയാണ്. ഏത് വിധേനയായാലും ഭീകരവാദം പ്രോത്സാഹിപ്പിക്കാനാവില്ല. ഇന്ത്യയുടെ 14ല്‍ അധികം സാമൂഹിക സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ മറ്റ് വിദേശ മന്ത്രിമാരെ ക്ഷണിച്ചുകൊണ്ടായിരുന്നു ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അഞ്ഞടിച്ചത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്‍റെ എല്ലാ തലങ്ങളും അവസാനിപ്പിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ ചെറുക്കുക എന്നത് എസ്‌സിഒയുടെ ഉത്തരവാദിത്തങ്ങളിലൊന്നാണ്, എസ് ജയശങ്കര്‍ വ്യക്തമാക്കി.
മാത്രമല്ല, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ അംഗരാജ്യങ്ങളുമായി ആഴത്തിലുള്ള ഇടപഴകല്‍ സാധ്യമാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിശാലതയിലേക്ക് നയിക്കുന്നതിനും വേണ്ടി എസ്‌സിഒയുടെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അംഗീകരിക്കണമെന്ന് മറ്റ് രാജ്യങ്ങളോട് എസ്‌സിഒ അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു. എസ്‌സിഒയുടെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അംഗീകരിക്കണമെന്ന ഇന്ത്യയുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് മന്ത്രി എസ് ജയശങ്കര്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയത്. എസ്‌സിഒയില്‍ ബഹുമുഖ സഹകരണം വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
എസ്‌സിഒയില്‍ ഇന്ത്യയുടെ കന്നി അധ്യക്ഷത: സമാധാനം, സ്ഥിരത, സാമ്പത്തിക വികസനം, അഭിവൃദ്ധി, വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഒയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സെക്യര്‍(SECURE) എസ്‌സിഒയിലേക്ക് നീങ്ങേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
സുരക്ഷ, സാമ്പത്തിക വികസനം, ഐക്യം എന്നിവയെയാണ് സെക്യൂര്‍ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്ത്യ ആദ്യമായി അധ്യക്ഷത വഹിക്കുന്ന എസ്‌സിഒയ്‌ക്ക് കീഴില്‍ 15 മന്ത്രിതല യോഗങ്ങള്‍ ഉള്‍പെടെ 100ലധികം മീറ്റിങുകളും പരിപാടികളും ഇതിനോടകം തന്നെ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. ഇന്ത്യയുടെ അഭിമാന നേട്ടത്തിന് മറ്റ് അംഗരാജ്യങ്ങള്‍, നിരീക്ഷകര്‍, പങ്കാളികള്‍ തുടങ്ങിയവരില്‍ നിന്നും നിരവധി പ്രശംസകളും ലഭിച്ചുവെന്ന് എസ് ജയശങ്കര്‍ അറിയിച്ചു.
വിജയകരമായി സമ്മേളനം: ഇന്ത്യയില്‍ നടന്നിട്ടുള്ള പല സംഭവങ്ങളും എസ്‌സിഒയുടെ ചട്ടക്കൂടിലെ ആദ്യ സംഭവങ്ങളാണെന്ന് ജയശങ്കര്‍ പറഞ്ഞു. എസ്‌സിഒയില്‍ സൗഹൃദവും സഹകരണവും ആഴത്തിലാക്കുന്നതിനായി സംഘടിപ്പിച്ച പരിപാടികളായ മില്ലറ്റ് ഫുഡ് ഫെസ്‌റ്റിവല്‍, സൂരജ്‌കുംഭ മേളയിലെ സാംസ്‌കാരിക പ്രദര്‍ശനം, എസ്‌സിഒ ടൂറിസം മാര്‍ട്ടില്‍ പങ്കുവച്ച ബുദ്ധ പൈതൃകം തുടങ്ങിയവയെല്ലാം വിജയകരമായി സംഘടിപ്പിക്കുവാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു.
2022-23ലെ ആദ്യ സാംസ്‌കാരിക വിനോദ സഞ്ചാര തലസ്ഥാനമായി വാരാണസി അംഗരാജ്യങ്ങളുടെ സജീവ പങ്കാളിത്തതോടെ വര്‍ണാഭമായ നിരവധി പരിപാടികള്‍ക്ക് വേദിയായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. എസ്‌ഇഒ അധ്യക്ഷന്‍ എന്ന നിലയില്‍ ഞങ്ങള്‍ എസ്‌സിഒ നിരീക്ഷകരുമായും പങ്കാളികളുമായും അത്ഭുതപൂര്‍വമായ ഇടപെടലിന് തുടക്കമിട്ടുവെന്നും 14ല്‍ പരം പരിപാടികളില്‍ പങ്കെടുക്കുവാന്‍ അവരെ ക്ഷണിച്ചുവെന്നും എസ് ജയശങ്കര്‍ അറിയിച്ചു.