മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശ നയത്തെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. മോദി രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ഒരു രാജ്യ സ്‌നേഹിയാണെന്നും പുടിന്‍ പറഞ്ഞു. മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നയവിശകലന സംഘടനയായ വാല്‍ഡായ് ഡിസ്‌കഷന്‍ ക്ലബിന്‍റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.
'നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' എന്ന ആശയം സാമ്പത്തികമായും ധാർമികമായും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ നിരവധി പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തുടക്കം കുറിച്ചു. ഭാവി ഇന്ത്യയുടേതാണ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം', പുടിന്‍ പറഞ്ഞു.
ബ്രിട്ടീഷ് കോളനിയിൽ നിന്ന് ആധുനിക രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ച മഹത്തായ ഒന്നാണെന്ന് വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്‍റ്, ഏകദേശം 150 കോടിയോളം വരുന്ന ജനങ്ങളും കൃത്യമായ വികസന ഫലങ്ങളും ഇന്ത്യയോട് എല്ലാവര്‍ക്കും ഉള്ള ബഹുമാനത്തിനും ആദരവിനും കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് അതിനെ ഒരു പ്രത്യേക ബന്ധമെന്ന് പുടിന്‍ വിശേഷിപ്പിച്ചു.
'ഇരു രാജ്യങ്ങളും ദശകങ്ങളായി അടുത്ത സഖ്യ കക്ഷികളാണ്. ഇന്ത്യക്കും റഷ്യക്കും ഇടയില്‍ ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. എന്തുണ്ടായാലും പരസ്‌പരം പിന്തുണക്കുകയാണ് ചെയ്‌തിട്ടുള്ളത്. അത് ഇപ്പോഴും തുടരുന്നു. ഭാവിയിലും അത് അങ്ങനെ തന്നെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്', പുടിന്‍ പറഞ്ഞു.
ഇന്ത്യൻ കാർഷിക മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട രാസവളങ്ങളുടെ വിതരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോട് ആവശ്യപ്പെട്ടതായും അത് 7.6 മടങ്ങ് വര്‍ധിപ്പിച്ചതായും പുടിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. റഷ്യ, യുക്രൈനില്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് പുടിന്‍റെ പ്രസംഗം. ആഗോള ആധിപത്യത്തിനായി പാശ്ചാത്യ ശക്തികള്‍ വൃത്തികെട്ട കളികള്‍ കളിക്കുന്നു എന്ന് പുടിന്‍ ആരോപിച്ചു.
'അധികം വൈകാതെ ലോകത്ത് പുതിയ അധികാര കേന്ദ്രങ്ങള്‍ വരും. സ്വന്തം ചെയ്‌തികളുടെ അനന്തര ഫലങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ യുഎസിനും സഖ്യ കക്ഷികള്‍ക്കും സാധിക്കില്ല. അവര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. പൊതുലക്ഷ്യങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ലോക രാജ്യങ്ങളെ ഏകീകരിക്കാന്‍ കഴിയൂ. അതുവഴി മാത്രമാണ് വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുള്ളൂ', പുടിന്‍ പറഞ്ഞു.
'ലോകത്തിന്‍റെ മേലുള്ള അധികാരമാണ് പാശ്ചാത്യ രാജ്യങ്ങൾ കളിക്കുന്ന കളിയിൽ പണയപ്പെടുത്തിയിരിക്കുന്നത്. ഈ കളി തീർച്ചയായും അപകടകരമാണ്, രക്തരൂക്ഷിതമാണ്, ഞാൻ അതിനെ വൃത്തികെട്ട കളി എന്നു തന്നെ വിളിക്കും.
തങ്ങളുടെ മൂല്യങ്ങളും കാഴ്‌ചപ്പാടുകളും സാർവത്രികമായി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ തങ്ങള്‍ ഉൾപ്പടെ എല്ലാവരെയും കൊള്ളയടിക്കുകയാണ്. ഇവിടെ ഒരു കച്ചവട താത്പര്യമുണ്ട്', റഷ്യൻ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.