ന്യൂഡൽഹി: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനുമാണ് സന്ദർശനം. ന്യൂഡൽഹിയിൽ സെർജി ലാവ്‌റോവുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞവർഷം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി കൊറോണ കാരണം നടത്താൻ സാധിച്ചിരുന്നില്ല.
ഇന്ത്യയും റഷ്യയും തമ്മിൽ എല്ലാ മേഖലയിലേയും സമഗ്രമായ ചർച്ചകൾ നടത്താറുള്ള സമ്മേളനമാണിത്. ഇതുവരെ ഇന്ത്യ-റഷ്യ വാർഷിക സമ്മേളനം 20 തവണ നടത്തിയിട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, വാണിജ്യം, ബഹിരാകാശം എന്നിവയടക്കം എല്ലാ വിഷയങ്ങളും സമ്മേളനത്തിൽ വിശകലനം നടത്താറുണ്ട്. പ്രതിരോധരംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്.