ന്യൂഡൽഹി: റഷ്യയുടെ യുക്രൈൻ അധിനിവേശം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ന് വൈകുന്നേരം നടന്ന കൂടിക്കാഴ്‌ച 40 മിനിട്ടോളം നീണ്ടുനിന്നു. യുക്രൈനിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മോദി, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ സഹകരണവും വാഗ്‌ദാനം ചെയ്‌തു.
എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകണമെന്ന് കൂടിക്കാഴ്‌ചയിൽ മോദി അഭ്യർഥിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതിയും റഷ്യൻ വിദേശകാര്യ മന്ത്രി മോദിയോട് വിശദീകരിച്ചു. രണ്ട് ദിവസത്തെ ചൈന സന്ദർശനം അവസാനിപ്പിച്ച് വ്യാഴാഴ്‌ച വൈകുന്നേരമാണ് ലാവ്‌റോവ് ഡൽഹിയിലെത്തിയത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്‌ചയിൽ യുക്രൈൻ വിഷയത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ സെർജി ലാവ്‌റോവ് പ്രശംസിച്ചിരുന്നു. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് ഇന്ത്യ- റഷ്യ ബന്ധത്തെ സ്വാധീനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 150 സീറ്റ് നേടണം; കർണാടകയിലെ കോൺഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം
അതേസമയം നയതന്ത്ര ചർച്ചയിലൂടെ റഷ്യ- യുക്രൈൻ പ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഫെബ്രുവരി 24, മാർച്ച് 2, മാർച്ച് 7 തീയതികളിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി മോദി ഫോൺ സംഭാഷണം നടത്തിയിരുന്നു. യുക്രൈൻ പ്രസിഡന്‍റ് വോളോദിമർ സെലെൻസ്‌കിയുമായും മോദി രണ്ടുതവണ സംസാരിച്ചിരുന്നു.