ബോധ്ഗയ(ബിഹാര്‍): പത്ത് മില്ലി ലിറ്റര്‍ മദ്യവുമായി റഷ്യന്‍ ബുദ്ധിസ്‌റ്റ് ലാമ ഇഡിപ്‌സി അയാസ് അറസ്‌റ്റില്‍. ബോധ് ഗയയില്‍ സ്ഥിതിചെയ്യുന്ന മഹാബോധി ക്ഷേത്രത്തിലെ പ്രത്യേക സുരക്ഷ സേനയാണ് ലാമയെ പിടികൂടിയത്. ബുദ്ധ മതത്തിന് കീഴിലുള്ള തന്ത്ര പരിശീലനത്തിനായായിരുന്നു ക്ഷേത്രത്തിലേയ്‌ക്ക് ഇയാള്‍ മദ്യവുമായെത്തിയത്.
ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള സ്‌കാനറിലെ പരിശോധനയിലാണ് ലാമ കൊണ്ടുവന്ന മദ്യം പിടികൂടാനായത്. ശേഷം, ബാഗ് പരിശോധിച്ച സുരക്ഷ ഉദ്യോഗസ്ഥരാണ് വിദേശ മദ്യമാണെന്ന് തിരിച്ചറിഞ്ഞത്. 100 മില്ലിലിറ്റര്‍ കുപ്പിയില്‍ 10 മില്ലിലിറ്ററോളം മദ്യമാണ് ഉണ്ടായിരുന്നത്.
പിടികൂടിയതിന് ശേഷം ലാമയെ പ്രത്യേക സുരക്ഷ സേന ബോധ്ഗയ പൊലീസിന് കൈമാറി. ശേഷം ബോധ്‌ഗയ പൊലീസ് ലാമയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ബിഹാറിലെ മദ്യനിരോധനം കണക്കിലെടുത്ത് കൂടുതല്‍ ശിക്ഷാനടപടികള്‍ക്കായി ലാമയെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മഹാബോധി ക്ഷേത്രത്തിനടുത്തുള്ള സുരക്ഷ ജീവനക്കാരുടെ ബാരക്കില്‍ നിന്ന് മദ്യം പിടികൂടിയിരുന്നു. തുടര്‍ന്ന് അന്നത്തെ എസ്‌എസ്‌പി ഹര്‍പ്രീത് കൗര്‍ നാല് സുരക്ഷ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.