മുംബൈ : രൂപയ്ക്ക് റെക്കോഡ് തകർച്ച. യു.എസ് ഡോളറിനെതിരെ 77.42 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം മൂല്യമാണ് രൂപയ്ക്ക് ഇന്ന് രേഖപ്പെടുത്തിയത്. മാർച്ചിൽ രേഖപ്പെടുത്തിയ 76.98 എന്ന റെക്കോർഡിനെയാണ് ഇന്നത്തെ വിനിമയ മൂല്യം മറികടന്നത്.
ഉയർന്ന എണ്ണവിലയും റഷ്യ-യുക്രൈൻ യുദ്ധവും യു.എസ് ഫെഡ് റിസർവിന്‍റെ നിരക്കുവർധനയുമൊക്കെ രാജ്യത്തിന്‍റെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തകർച്ചക്ക് ആക്കം കൂട്ടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല.
ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.96 ലായിരുന്നു. എന്നാൽ ഇന്ന് വ്യാപാരം തുടങ്ങിയ ഉടനെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു. രാജ്യാന്തര വിപണികളുടെ തളർച്ചയെ തുടർന്ന് 800 പോയിന്‍റിലേറെ ഇടിഞ്ഞാണ് സെൻസെക്‌സ് വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ആർ.ബി.ഐ അസാധാരണ നടപടിയിലൂടെ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 4.40 ശതമാനമാക്കിയിരുന്നു. പണപ്പെരുപ്പ റിപ്പോർട്ടുകൾ ശുഭകരമാകില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. രൂപയുടെ മേലുള്ള സമ്മർദം കൂടുതൽ വർധിക്കാനും ഇത് വഴിവയ്ക്കും.
രാജ്യത്തിന്‍റെ കരുതൽ ശേഖരം 600 ബില്യൺ ഡോളറിൽ താഴെയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ഇത് 600ൽ താഴെയെത്തുന്നത്.