അർവാൾ: ഒരു പുരുഷന് 40 ഭാര്യമാരുണ്ടാകുമോ?. നിയമപരമായി ഇത് ഇന്ത്യയിൽ അനുവദനീയമല്ല. എന്നാൽ ബിഹാറിലെ അർവാളിൽ നിന്നും വരുന്ന വാർത്ത കൗതുകകരമാണ്. ഈ മേഖലയിൽ നടന്ന ജാതി സെൻസസില്‍, വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ 40 സ്‌ത്രീകളുടെ ഭർത്താവിന്‍റെ പേര് രൂപ്‌ചന്ദ് എന്നാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് പുരോഗമിക്കുകയാണ്. ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, കുടുംബത്തിന്‍റെ വിവരങ്ങൾ എന്നിവയടയ്‌ക്കം 17 ചോദ്യങ്ങളാണ് ഇതിന്‍റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി അർവാൾ നഗരത്തിലെ വാർഡ് ഏഴിലെ റെഡ് ലൈറ്റ് ഏരിയയിലെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.
ഈ സെൻസസിനിടെ 40 കുടുംബങ്ങളിലെ സ്ത്രീകൾ ഭർത്താവിന്‍റെ പേരുവിവരങ്ങൾ നൽകിയത് കണ്ട് ജീവനക്കാർ അമ്പരന്നു. ഇവരെല്ലാവരും തങ്ങളുടെ ഭർത്താവിന്‍റെ പേരെഴുതാനുള്ള കോളത്തിൽ രൂപ്‌ചന്ദ് എന്ന വ്യക്തിയെയാണ് എഴുതിയിരിക്കുന്നത്. ഇതുകൂടാതെ പല പെൺകുട്ടികളും അച്ഛന്‍റെ പേരുള്ള കോളത്തിൽ രൂപ്‌ചന്ദ് എന്ന് എഴുതിയിട്ടുണ്ട്.
റെഡ്‌ലൈറ്റ് ഏരിയയിൽ ഒരു നർത്തകി താമസിച്ചിരുന്നു. വർഷങ്ങളോളം പാട്ടും നൃത്തവുമായി ജീവിതം നയിക്കുന്ന അവൾക്ക് സ്വന്തമായി താമസസ്ഥലമുണ്ടായിരുന്നില്ല. ഈ മേഖലയിലെ ഒരുപാട് കുടുംബങ്ങളിലെ സ്‌ത്രീകൾ രൂപ്‌ചന്ദിനെ ഭർത്താവായി സ്വീകരിച്ചിട്ടുണ്ട്. ഈ ആളുകൾ ഭൂരിഭാഗവും നാട്ട് ജാതി വിഭാഗക്കാരാണെന്നാണ് പറയുന്നത്. രൂപ്‌ചന്ദ് വ്യത്യസ്‌ത ആളുകളാണെന്നോ എന്തുകൊണ്ടാണ് സ്‌ത്രീകള്‍ സമാന പേര് എഴുതിയതെന്നോ ഉള്ള കാര്യത്തില്‍ വ്യക്തതയില്ല.
'വാർഡ് നമ്പർ ഏഴിൽ എന്നെ ജാതി കണക്കെടുപ്പിനായി നിയമിച്ചിരുന്നു. വിവരങ്ങൾ ശേഖരിക്കാനായി നാല് ജീവനക്കാരാണ് ഉള്ളത്. ഇവിടെയുള്ളവരെല്ലാം നർത്തകിമാരായി ജോലി ചെയ്യുന്നവരാണ് എന്നതാണ് കണക്കെടുപ്പിനിടെ നേരിട്ട ബുദ്ധിമുട്ട്. ഒരു സ്‌ത്രീയുടെ ഭർത്താവിന്‍റേയും മകന്‍റേയും പേര് രൂപ്‌ചന്ദ് എന്നായിരുന്നു'. - ജാതി സെൻസസിന് നിയോഗിക്കപ്പെട്ട രാജീവ് രഞ്ജൻ രാകേഷ് പറഞ്ഞു.