ഗാന്ധിനഗർ: കുംഭമേളയിൽ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുന്നവർ അതത് നഗരങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് ആർടിപിസിആർ പരിശോധനക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്ത കുംഭമേളയിൽ രണ്ടായിരത്തിലധികം പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആർടിപിസിആർ പരിശോധനക്ക് വിധേയരാകാതെ നാട്ടിൽ പ്രവേശിക്കുന്നത് തടയാൻ കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചത്തിയവരെ നിരീക്ഷിക്കണമെന്ന് എല്ലാ ജില്ലകളിലെയും കലക്ടർമാർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധനക്കിടെ രോഗം സ്ഥിരീകരിക്കുന്നവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് രോഗികൾക്കായി 25,000 മുതൽ 30,000 വരെ ആശുപത്രി കിടക്കകൾ പുതിയതായി ചേർത്തിട്ടുണ്ടെന്നും നിലവിൽ സംസ്ഥാനത്ത് 75,000 കിടക്കകളാണുള്ളതെന്നും രൂപാനി പറഞ്ഞു. "അടുത്ത 15 ദിവസത്തിനുള്ളിൽ 10,000 കിടക്കകൾ കൂടി ചേർക്കും, ആംബുലൻസുകളുടെയും മോർച്ചറി വാനുകളുടെയും എണ്ണം ഉടൻ വർദ്ധിപ്പിക്കും" മുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച 8,920 കൊവിഡ് കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,84,688 ആയി. 94 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 5,170 ആയി ഉയർന്നു.