കൊല്‍ക്കത്ത : പശ്ചിമ ബംഗാൾ ബിജെപി ഘടകത്തിനുള്ളിലെ ആഭ്യന്തര പ്രശ്‌നത്തില്‍ ആര്‍എസ്‌എസ് ഇടപെടല്‍. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ തുടങ്ങി പാര്‍ട്ടിയുടെ സെല്ലുകള്‍ പിരിച്ചുവിട്ടതുവരെ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്‌എസ് ഇടപെടല്‍. ബിജെപിയുടെ സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി അമിതാവ് ചക്രബർത്തിയുടെ ഇടപെടലുകളില്‍ ആർഎസ്എസ് നേതൃത്വം അതൃപ്‌തരാണെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി സംസ്ഥാന - ജില്ല പുനസംഘടനയില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കള്‍ പാർട്ടിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം പുറത്തുപോയതാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി ലോക്‌സഭ എംപി ശാന്തനു ഠാക്കൂറിന്‍റെ വസതിയിൽ വിമതർ നടത്തിയ രഹസ്യയോഗം പരസ്യ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിച്ചു.
ഖരഗ്‌പൂരില്‍ നിന്നുള്ള നിയമസഭാംഗവും നടനുമായ ഹിരണ്‍ ചതോപാധ്യായ് പ്രാദേശിക നേതൃത്വത്തിനെതിരെ പരസ്യമായി അമർഷം പ്രകടിപ്പിച്ചതും തുടര്‍ന്ന് പശ്ചിമ ബംഗാൾ ബിജെപിയുടെ എല്ലാ വകുപ്പുകളും സെല്ലുകളും പൂർണമായും പിരിച്ചുവിട്ടതുമാണ് ഏറ്റവും പുതിയ സംഭവവികാസം.
ആർഎസ്എസ് നേതൃത്വം പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നും പരാതികൾ ചോദിച്ചറിഞ്ഞതായും ബിജെപി വൃത്തങ്ങൾ അറിയിച്ചു. വിമത നേതാക്കളുമായുള്ള ചര്‍ച്ച വളരെ ആവശ്യമാണെന്ന് തനിക്ക് വ്യക്തിപരമായി തോന്നുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷ് പ്രതികരിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലെ പിഴവുകൾ എത്രയും വേഗം കണ്ടെത്തി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആർഎസ്എസ് സംഘടന മേധാവി രാമപാദ പാലും വിമത നേതാക്കളുമായി ചർച്ച നടത്തി. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആര്‍എസ്‌എസ് ആസ്ഥാനത്തേക്ക് അയക്കും. സംസ്ഥാന ഘടകത്തിലെ പുതിയ സംഭവ വികാസങ്ങളില്‍ പാർട്ടിയുടെ കേന്ദ്ര നേതൃത്വം അമര്‍ഷം പ്രകടിപ്പിച്ചതായി ബിജെപി വൃത്തങ്ങൾ പറഞ്ഞു.
ബിജെപിയുടെ പശ്ചിമ ബംഗാളിലെ കേന്ദ്ര നിരീക്ഷകൻ അമിത മാവിയ ഇതിനകം തന്നെ സംസ്ഥാനത്തെ വിമത നേതാക്കളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമത നേതാക്കളുമായി കേന്ദ്ര നേതൃത്വം ന്യൂഡൽഹിയിൽ ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.