നാഗ്‌പൂർ : രാജ്യവിഭജനം ഏൽപ്പിച്ച മുറിവുകൾ ആവർത്തിക്കാതിരിക്കാൻ യുവതലമുറ ചരിത്രസത്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംഘടനാസ്ഥാപക ദിനം കൂടിയായ വിജയദശമി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനുവേണ്ടി പോരാടിയ പല ധീരയോദ്ധാക്കളുടെയും ത്യാഗത്തിന്‍റെ ഫലമാണ് ഇന്നത്തെ സ്വാതന്ത്ര്യം. എന്നാൽ രാജ്യം സ്വതന്ത്രയായെങ്കിലും രാജ്യവിഭജനത്തിന്‍റെ വേദന ഇന്നും ഉള്ളിൽ തങ്ങിനിൽക്കുന്നു. ഇതിന് പിന്നിലെ സത്യം നാം അറിയണം. രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യവും വീണ്ടെടുക്കാൻ പുതുതലമുറ ആ ചരിത്രം പഠിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. നമ്മിൽ നിന്ന് വിഭജിക്കപ്പെട്ടവരെ നമ്മിലേക്ക് തന്നെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവർക്കറും യോഗി അരവിന്ദുമെല്ലാം ഐക്യ ഇന്ത്യയ്‌ക്കുവേണ്ടി പോരാടിയവരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു ഏകീകൃത ഹിന്ദുസമൂഹം ഉയർന്നുവന്നാൽ, ലോകം ഒരു കുടുംബമാണെന്ന് നമ്മെ പഠിപ്പിച്ച ഗീതയെക്കുറിച്ചും വസുദൈവകുടുംബകത്തെക്കുറിച്ചും സംസാരിക്കുമെന്ന് സവർക്കർ പറഞ്ഞിരുന്നു.
ആ വാക്കുകൾ പിന്തുടരുകയാണെങ്കിൽ ലോകത്തിലെതന്നെ എല്ലാ പ്രശ്‌നങ്ങളും ഇന്ത്യയ്‌ക്ക് പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്തിന്‍റെ പാരമ്പര്യങ്ങളെയും മതത്തെയും വർത്തമാന ചരിത്രത്തെയും അപലപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു.