എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത് ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് ഉൾപ്പെടെ വൻ താരനിര ഒരുമിച്ച ചിത്രം ആർആർആർ ഇതിനകം നിരവധി റെക്കോർഡുകൾ നേടിയിട്ടുണ്ട്. സിനിമയുടെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം ഇപ്പോൾ. പ്രമുഖ ഇന്‍റർനാഷണൽ മൂവി ഡാറ്റാബേസ് കമ്പനിയുടെ ഏറ്റവും ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ച് ചിത്രങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ് ആർആർആർ.
ഇതോടെ ആദ്യ അഞ്ചിൽ ഉൾപ്പെടുന്ന ഏക ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ആർആർആർ. മാത്രമല്ല, ഈ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ചിത്രത്തിനുണ്ട്. ഹോളിവുഡ് ചിത്രങ്ങളേക്കാൾ ഉയർന്ന റേറ്റിങ്ങാണ് ചിത്രത്തിനുള്ളതെന്നും ശ്രദ്ധേയമാണ്.
മാർച്ച് 25ന് റിലീസ് ചെയ്‌ത ചിത്രം റെക്കോർഡുകൾ തകർത്തുകൊണ്ട് 1000 കോടി കലക്ഷനിലേക്ക് നീങ്ങുകയാണ്. ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ആറാമതാണ് നിലവിലെ ചിത്രത്തിന്‍റെ സ്ഥാനം. റിലീസിന് മുൻപ് തന്നെ കോടികളുടെ കലക്ഷൻ ചിത്രം നേടിയിരുന്നു. 450 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുൻപ് തന്നെ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെ 325 കോടി സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി.