തെങ്കാശി (തമിഴ്‌നാട്): പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചതുപ്പിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് ഡ്രോൺ ക്യാമറയിലൂടെ. തമിഴ്‌നാട് തെങ്കാശി സ്വദേശിയും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയുമായ സകുൽ ഹമീദിനെയാണ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു.
അങ്ങനെയിരിക്കെ ദിവസങ്ങൾക്ക് മുമ്പ് തെങ്കാശി പച്ചനായ്ക്കൻപൊട്ടായി പ്രദേശത്തെത്തിയ പ്രതി, പ്രദേശവാസികളെ ഭീഷണിപ്പെടുത്തി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ ഒളിത്താവളത്തിന്‍റെ പരിസരത്ത് മറ്റാരും പ്രവേശിക്കരുതെന്നും ഭീഷണി മുഴക്കി.
ഇതിനിടെ കന്നുകാലികളെ മേയ്‌ക്കാൻ അവിടേക്കെത്തിയ ബീർ മുഹമ്മദ് എന്നയാളെ സകുൽ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രദേശവാസിയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ വിവരമറിയച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സമീപത്തെ ആഴമുള്ള ചതുപ്പിൽ ഒളിക്കുകയായിരുന്നു.
എന്നാൽ പ്രതിയെ ഈ ഭാഗത്ത് കണ്ട ചിലർ പൊലീസിനെ അറിയിച്ചതോടെ ഇവിടേക്ക് അന്വേഷണം ആരംഭിച്ചു. ആഴമുള്ളതിനാൽ തന്നെ കുളത്തിലേക്കിറങ്ങാൻ ബുദ്ധമുട്ടായതിനാൽ ഉദ്യോഗസ്ഥർ ഡ്രോൺ ക്യാമറ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയും ശേഷം സാഹസികമായി പിടികൂടുകയുമായിരുന്നു.
ALSO READ: മാവോയിസ്റ്റ് നേതാവ് വനിത കേഡറെ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെലങ്കാന പൊലീസ്