ബെംഗളൂരു: റൂട്ട് കനാൽ ശസ്ത്രക്രിയയിൽ സംഭവിച്ച ഗുരുതര പിഴവിൽ മുഖം തിരിച്ചറിയാനാകാത്ത വിധത്തിൽ കന്നട നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം നീരുവന്ന് വീർത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമായിരിക്കുകയാണ്. ഡോക്‌ടർ ദന്ത ചികിത്സയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നും ശസ്ത്രക്രിയയ്ക്കിടെ അനസ്‌തേഷ്യക്ക് പകരം സാലിസിലിക് ആസിഡ് നൽകിയെന്നും നടി ആരോപിക്കുന്നു.
' രണ്ടോ മൂന്നോ ദിവസത്തിന് ശേഷം നീർവീക്കം ഭേദമാകുമെന്ന് ഡെന്‍റിസ്റ്റ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 20 ദിവസത്തിന് ശേഷവും വേദനയ്ക്കും നീരിനും കുറവില്ല'. ചികിത്സ പിഴവിനെ തുടർന്ന് ദന്ത ക്ലിനിക്കിനെതിരെയും ദന്ത ഡോക്‌ടർക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണ് നടി സ്വാതി സതീഷ്.
ഈ വർഷം ആദ്യം ശരീരത്തിലെ കൊഴുപ്പ് നീക്കാനുള്ള പ്ലാസ്റ്റിക് സർജറിക്കിടെ കന്നട താരം ചേതന രാജ് മരണപ്പെട്ടിരുന്നു. രക്ഷിതാക്കൾ അറിയാതെയാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്നാണ് പൊലീസ് പറയുന്നത്. ചികിൽസയിൽ അനാസ്ഥയുണ്ടെന്ന് ചേതനയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.