ന്യൂഡൽഹി : റഷ്യൻ നിർമിത കൊവിഡ് വാക്‌സിൻ സ്‌പുട്‌നിക് വി ഡൽഹി ആശുപത്രികളിൽ വിതരണത്തിനെത്താൻ കാലതാമസം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാക്‌സിൻ വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള കാലവിളംബമാണ് കാരണമെന്നും അധികൃതർ അറിയിച്ചു.
ജൂൺ 28 അല്ലെങ്കിൽ 29നകം സ്‌പുട്‌നിക് വി വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. റഷ്യൻ വാക്‌സിൻ സംബന്ധിച്ച കാലതാമസം അപ്പോളോ ആശുപത്രികളിലും നിലനിൽക്കുന്നുണ്ട്.
Read more: പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ; വാക്‌സിൻ സ്വീകരിച്ചത് 69 ലക്ഷത്തിലധികം പേർ
ജൂൺ 20നകം സ്‌പുട്‌നിക് വി വാക്‌സിനേഷൻ ആരംഭിക്കാനാണ് ആശുപത്രികൾ നേരത്തെ പദ്ധതിയിട്ടിരുന്നത്. ഫോർട്ട്സ് ഹെൽത്ത് കെയർ, ഗുരുഗ്രാം, മൊഹാലി ആശുപത്രികളിൽ വാക്‌സിൻ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്റ്റോക്ക് എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
കാലതാമസത്തെക്കുറിച്ച് വാക്‌സിൻ മാർക്കറ്റിങ് പങ്കാളിയായ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് അധികൃതർ പറയുന്നു.