ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്ക് കുത്തിത്തുറന്ന് 3.5 കോടിയുടെ സ്വർണാഭരണങ്ങളും 14 ലക്ഷം രൂപയും കവർന്ന് മോഷ്‌ടാക്കൾ. കർണാടകയിലെ ദൊഡ്ഡബല്ലാപൂർ താലൂക്കിലെ ജി.ഹോസഹള്ളിയിലുള്ള കർണാടക ഗ്രാമീണ്‍ ബാങ്കിൽ നവംബർ 26ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ടി സ്ഥലത്തെത്തി പരിശോധന നടത്തി. ഹൊസഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.