സിദ്ദിപേട്ട് (തെലങ്കാന): തെലങ്കാനയില്‍ ഡ്രൈവറെ ആക്രമിച്ച് കാറില്‍ സൂക്ഷിച്ച 43 ലക്ഷം രൂപ രണ്ടംഗ സംഘം കവര്‍ന്നു. തിങ്കളാഴ്‌ച വൈകീട്ട് സിദ്ദിപേട്ട് അര്‍ബന്‍ സബ് രജിസ്‌ട്രാര്‍ ഓഫിസ് പരിസരത്ത് വച്ചാണ് സംഭവം. സിദ്ദിപേട്ട് സ്വദേശിയും റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയുമായ വകുള്‍ഭരണ്‍ നരസയ്യയുടെ പണമാണ് കവര്‍ന്നത്.
ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് 43 ലക്ഷം രൂപ നരസയ്യയുടെ കൈവശമുണ്ടായിരുന്നു. ഇത് ഡ്രൈവറെ ഏല്‍പ്പിച്ചതിന് ശേഷം ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനായി നരസയ്യ സബ് രജിസ്‌ട്രാര്‍ ഓഫിസിനകത്തേക്ക് കയറിപ്പോയി. ഇതേസമയം, ഇരുചക്ര വാഹനത്തില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം കാര്‍ തുറക്കാന്‍ ശ്രമിച്ചു.
കാറിനകത്തുണ്ടായിരുന്ന ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ രണ്ടംഗ സംഘം കാറിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറിന്‍റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്ന പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് നരസയ്യ പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് സിദ്ദിപേട്ട് പൊലീസ് കമ്മിഷണര്‍ സി.പി ശ്വേത അറിയിച്ചു. പ്രദേശത്തെ മുഴുവന്‍ സിസിടിവികളും പരിശോധിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
Also read: പാലക്കാട് മയക്കുമരുന്ന് വേട്ട; 'ഓപ്പറേഷൻ ഡാഡ്' പിടികൂടിയത് 5.71 ഗ്രാം എംഡിഎംഎ