അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ ബുധനാഴ്‌ച രാത്രിയുണ്ടായ വാഹനാപകടങ്ങളിൽ ഒൻപത് മരണം. ഇസ്‌കോൺ പാലത്തിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നിൽ മഹീന്ദ്ര ഥാർ ഇടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരവധി ആളുകൾ തടിച്ചുകൂടി. എന്നാൽ ഇവരുടെ മേലേക്ക് ഒരു ജാഗ്വാർ കാർ ഇടിച്ചുകയറുകയായിരുന്നു. ഇരുസംഭവങ്ങളിലുമായി ഒൻപത് പേരാണ് മരിച്ചത്. ആറുപേർ സംഭവസ്ഥലത്തുവച്ച് മരിച്ചു. അപകടത്തിൽ രണ്ട് പോലീസുകാര്‍ക്കും ജീവഹാനിയുണ്ടായി.15 പേർ പരിക്കേറ്റ് ആശുപത്രിയിലാണ്.
അമിതവേഗത്തിലെത്തി ആൾക്കൂട്ടത്തിനിടയിലേക്ക് : ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ ജാഗ്വാർ കാർ 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബോട്ടാട്, സുരേന്ദ്രനഗർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ജാഗ്വാർ കാർ ഡ്രൈവർ ഉൾപ്പടെ 15-ലധികം പേരെ ഗുരുതരമായ പരിക്കുകളോടെ സോള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹീന്ദ്ര ഥാര്‍, ടിപ്പർ ലോറിയിലിടിച്ച് അപകടമുണ്ടായതോടെ 50ഓളം പേർ ഇവിടെ തടിച്ചുകൂടിയിരുന്നു. ഇതിന് പിന്നാലെ അമിത വേഗതയിലെത്തിയ ജാഗ്വാർ കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
മരിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. അക്ഷയ് ചാവ്ദ (ബോട്ടാഡ്), ക്രുനാൽ കൊടിയ (ബോട്ടാഡ്). , അമൻ കാച്ചി (സുരേന്ദ്രനഗർ), അർമാൻ വാധ്വാനിയ (സുരേന്ദ്രനഗർ), നീരവ് (അഹമ്മദാബാദ്), ധർമേന്ദ്ര സിങ് (അഹമ്മദാബാദ് - പൊലീസ് കോൺസ്റ്റബിൾ). പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്നും ബോട്ടാഡിൽ നിന്ന് അഹമ്മദാബാദിലേക്ക് പഠിക്കാൻ എത്തിയവരാണെന്നുമാണ് റിപ്പോർട്ടുകൾ.
അഹമ്മദാബാദിൽ ഇതുവരെയുണ്ടായ വലിയ അപകടങ്ങളിലൊന്നാണ് ഇതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്വാർ കാർ ഓടിച്ചിരുന്നത് തത്യ പട്ടേൽ എന്നയാളാണെന്നാണ് റിപ്പോർട്ട്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജാഗ്വാറില്‍ ഒരു സ്‌ത്രീയുൾപ്പടെ 4 പേർ ഉണ്ടായിരുന്നതായാണ് വിവരം.
സെക്‌ടർ 1 ജെസിപി നീരജ്‌കുമാർ ബഡ്‌ഗുജർ ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ഉടന്‍ ചികിത്സയ്ക്കായി മാറ്റി.വഴിതിരിച്ചുവിട്ട്, ഗതാഗത ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
ഗാസിയാബാദിൽ കാറും സ്‌കൂൾ ബസും കൂട്ടിയിടിച്ച് ആറ് മരണം : ഗാസിയാബാദിൽ കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌ത്രീകളടക്കം ആറ് പേര്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിൽ ഡല്‍ഹി- മീററ്റ് എക്‌സ്‌പ്രസ് ഹൈവേയില്‍ ജൂലൈ 11നാണ് സംഭവം. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. അതിനാല്‍ സ്‌കൂള്‍ ബസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകിയ വിവരം.
Also read : Uttar pradesh accident| സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 മരണം, 2 പേര്‍ക്ക് പരിക്ക്
ഗാസിപൂരിനടുത്തുള്ള പമ്പില്‍ നിന്നും ഇന്ധനം നിറച്ച ശേഷം സ്‌കൂള്‍ ബസ് തെറ്റായ ദിശയിലാണ് സഞ്ചരിച്ചത്. ഇതാണ് അപകടത്തിന് കാരണമായത്. മീററ്റില്‍ നിന്നും ഗുരുഗ്രാമിലേക്ക് പോവുകയായിരുന്ന കാറാണ് സ്‌കൂൾ ബസുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് എക്‌സ്‌പ്രസ് വേയിലെ ഗതാഗതം തടസപ്പെട്ടിരുന്നു.