പട്‌ന : ബിജെപിക്ക് വിശ്വസനീയമായ വെല്ലുവിളി ഉയർത്തുന്ന കാര്യത്തിൽ കോൺഗ്രസ് മതിയായ ഗൗരവം കാണിക്കുന്നില്ലെന്ന് രാഷ്ട്രീയ ജനതാദൾ (RJD). കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ പാർട്ടിയുടെ ഗൗരവമില്ലായ്മ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളാക്കുകയാണെന്ന് ആർജെഡി ദേശീയ വൈസ് പ്രസിഡന്‍റ് ശിവാനന്ദ് തിവാരി പറഞ്ഞു.
കോൺഗ്രസ് ഭരണമുള്ള പഞ്ചാബിൽ ഒന്നിച്ച് പ്രവർത്തിച്ച് ബിജെപിയെ എതിർക്കുന്നതിൽ പരാജയപ്പെട്ടതും ഉത്തർപ്രദേശിലും ബിഹാറിലും തങ്ങളുടെ ശേഷിക്ക് അപ്പുറത്തുനിന്ന് കളിക്കണമെന്ന കോൺഗ്രസിന്‍റെ ശാഠ്യവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ വിട്ടുനൽകിയിട്ടും ബിഹാറിൽ പല സീറ്റുകളിലും വിജയിച്ചുവരാന്‍ കോണ്‍ഗ്രസിനായില്ല. ഇതുമൂലം മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായതുമില്ല. 243 അംഗ നിയമസഭയിൽ 100 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാൽ 70ൽ ഒതുങ്ങുകയായിരുന്നു. ഈ സംഖ്യ സോണിയ ഗാന്ധി തന്നെ അംഗീകരിച്ചതാണെന്നും ആദ്ദേഹം പറഞ്ഞു.
കോൺഗ്രസില്‍ നിന്ന് ശക്തമായ പ്രചാരണമുണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ പൂർണമായ അസാന്നിധ്യവും ഒട്ടുമിക്ക റാലികളില്‍ നിന്നും രാഹുൽ ഗാന്ധി അവധിയെടുത്തതും കാണാതിരിക്കാനാവില്ല. പ്രധാനമന്ത്രിയായിരുന്നിട്ടുപോലും നരേന്ദ്ര മോദി പല പ്രചാരണ പരിപാടികളിലും പങ്കെടുത്തു. ഉന്നത കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെക്കാൾ തിരക്കുള്ളവരാണെന്ന് പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ) എന്നിവ ഉൾപ്പെടുന്ന ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിന്‍റെ ഘടക കക്ഷികൾക്കിടയിൽ 20 സീറ്റിൽ താഴെ എന്ന ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റ് ആണ് കോണ്‍ഗ്രസ് നേടിയത്.
ALSO READ:പഞ്ചാബില്‍ 'മുഖ്യമന്ത്രി മുഖം' ചന്നി, പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ; ആലിംഗനം ചെയ്‌ത് സിദ്ദു
കഴിഞ്ഞ വർഷം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിലും ആർജെഡി ബിജെപിയുടെ 'ബി ടീമായി' മാറിയെന്ന ബിഹാറിലെ കോൺഗ്രസ് നേതാക്കളുടെ വാദത്തിൽ പാർട്ടി നേതാവ് ലാലു പ്രസാദിന്‍റെ പ്രധാന സഹായി കൂടിയായ തിവാരി അമർഷം പ്രകടിപ്പിച്ചു. ലാലു പ്രസാദിന് ആരുടെയും പ്രശംസാപത്രത്തിന്‍റെ ആവശ്യമില്ല. എൽ.കെ അദ്വാനിയെ അറസ്റ്റ് ചെയ്യാനും രഥയാത്ര തടഞ്ഞു നിർത്താനും അദ്ദേഹത്തിന് മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളൂവെന്നും തിവാരി പ്രതികരിച്ചു.
കോൺഗ്രസ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബിലെ സ്ഥിതിഗതികളിലേക്കും തിവാരി വിരൽ ചൂണ്ടി. ബിജെപിയിൽ നിന്ന് ഇറക്കുമതി ചെയ്ത നവജ്യോത് സിങ് സിദ്ദുവിനെ അവർ സംസ്ഥാന അധ്യക്ഷനാക്കി. അദ്ദേഹം കോൺഗ്രസിനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് കോൺഗ്രസ് വിട്ടതും അതിനുപിന്നാലെ ഉണ്ടായ സംഭവവികാസങ്ങളും ഉദ്ധരിച്ചുകൊണ്ടായിരുന്നു തിവാരിയുടെ ആരോപണം.
വിദേശ വംശജയെന്ന പേരിൽ വിവിധ ഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പ് നേരിടുന്ന സാഹചര്യത്തിലും സോണിയ ഗാന്ധിക്ക് വേണ്ടി നിലകൊണ്ട ഏക നേതാവ് ലാലു പ്രസാദ് ആണെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.