ന്യൂഡൽഹി : നീറ്റ്-പിജി അലോട്ട്മെന്‍റുകൾ വൈകുന്നതിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന റഡിഡന്‍റ് ഡോക്‌ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്. കലാപം സൃഷ്‌ടിക്കുക, പൊതുമുതൽ നശിപ്പിക്കുക, കൃത്യനിർവഹണം തടസപ്പെടുത്തുക എന്നിവക്കെതിരെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഡോക്‌ടർമാരുടെ പ്രതിഷേധത്തിനിടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും എഫ്‌ഐആറിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
പൊലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഡോക്‌ടർമാരുടെ തീരുമാനം. ആവശ്യങ്ങൾ ഉറപ്പാക്കുന്നതുവരെ ഡ്യൂട്ടി ബഹിഷ്‌കരിക്കും. 24 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ബുധനാഴ്‌ച മുതൽ എയിംസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കാനുമാണ് തീരുമാനം. പ്രതിഷേധിക്കുന്ന ഡോക്‌ടർമാർ ചൊവ്വാഴ്‌ച സുപ്രീം കോടതിയിലേക്ക് മാർച്ചും നടത്തി.
തിങ്കളാഴ്‌ച സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒയിലെ റോഡിൽ പ്രതിഷേധിക്കുന്ന ഡോക്‌ടർമാരെ പൊലീസുകാർ ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഡോക്‌ടർമാരെ കയ്യേറ്റം ചെയ്യുകയും വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചതും വൻ പ്രതിഷേധത്തിനിടയാക്കി. മാധ്യമ പ്രവർത്തകർക്ക് നേരെയും ഡൽഹി പൊലീസിന്‍റെ കയ്യേറ്റമുണ്ടായി.
ഒൻപത് ദിവസമായി ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് സമരം തുടരുകയാണ് ഡോക്‌ടർമാർ. ജോലിഭാരം കൂടുന്നതിനുപുറമെ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നതിനാൽ പിജി കൗൺസിലിങ് വൈകുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഡോക്ടർമാരുടെ വാദം. റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, സഫ്ദർജംഗ് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്‌ടർമാരാണ് ഡൽഹിയിലെ സമരത്തിന് നേതൃത്വം നൽകുന്നത്.
സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് കൗൺസലിങ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനാൽ ഇടപെടാനാകില്ലെന്നതാണ് സർക്കാർ നിലപാട്. സമരം ചെയ്യുന്ന ഡോക്‌ടർമാർക്ക് അനുഭാവം പ്രകടിപ്പിച്ച് ദീൻ ദയാൽ ഉപാധ്യായ ആശുപത്രി, ഗുരു തേജ് ബഹാദൂർ ആശുപത്രി, ജി.ബി പന്ത് ആശുപത്രി, അംബേദ്‌കര്‍ ആശുപത്രി, ലോക് നായക് ആശുപത്രി ഉൾപ്പടെ തലസ്ഥാനത്തെ നിരവധി ആശുപത്രികളിലെ സേവനങ്ങൾ ഡോക്‌ടർമാർ പൂർണമായും നിർത്തലാക്കിയിരുന്നു.
ഡോക്‌ടർമാർക്കെതിരെ നടത്തിയ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ജയ്‌പൂരിലെ റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ(ആർഡിഎ) ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ രണ്ട് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. അലിഗഡ് മുസ്ലിം സർവകലാശാല ആർഡിഎ പൊലീസ് ആക്രമണങ്ങളെ അപലപിക്കുകയും ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കരിദിനം എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. മഹാരാഷ്ട്ര സ്റ്റേറ്റ് അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.