അസൻസോൾ: എയര്‍ റൈഫിള്‍ ഷൂട്ടില്‍ ജര്‍മ്മനിയില്‍ കരുത്തുകാട്ടിയ ശേഷം കൊറിയന്‍ മണ്ണിലും മികവ് ആവര്‍ത്തിച്ച് അഭിനവ് ഷാ. ഇക്കഴിഞ്ഞ ഐഎസ്എസ്എഫ് ജൂനിയർ ലോകകപ്പിൽ 10 എം എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ടീമിനത്തിലും മിക്‌സഡ് ഇനത്തിലും അഭിനവ് രണ്ട് സ്വർണ മെഡലുകള്‍ നേടിയിരുന്നു. മാത്രമല്ല സിംഗിള്‍സില്‍ യോഗ്യത റൗണ്ടിലും സെമി ഫൈനലിലും ഒന്നാമതെത്തിയ അഭിനവിന്‍റെ പ്രകടനം രാജ്യത്തെ വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ തന്നെയായിരുന്നു.
എന്നാല്‍ ഫൈനലിൽ അഭിനവ് ഷായ്‌ക്ക് അടിപതറി. ഇതോടെ കണ്‍മുന്നില്‍ വച്ച് മെഡൽ നഷ്ടമായി. എന്നാല്‍ ജയത്തോളം വലിയ ഈ തോല്‍വിയെ പാഠമാക്കി വരുന്ന കോമൺവെൽത്ത് ഗെയിംസിലും ഒളിമ്പിക്സിലും പങ്കെടുത്ത് മെഡല്‍ കൊയ്യാനൊരുങ്ങുകയാണ് പശ്ചിമ ബംഗാളിലെ അസന്‍സോള്‍ സ്വദേശിയായ ഈ അഭിനവ് രണ്ടാമന്‍.
ഒരു ഷൂട്ടറുടെ പിറവി: 2008 ൽ ഇന്ത്യയുടെ സുവര്‍ണ മനുഷ്യൻ അഭിനവ് ബിന്ദ്ര ബീജിങ് ഒളിമ്പിക്സിൽ സ്വർണം നേടിയ അതേ വർഷമാണ് അഭിനവ് ഷായും ജനിക്കുന്നത്. അതിനാൽ തന്നെ പിതാവ് രൂപേഷ് ഷായാണ് അദ്ദേഹത്തിന് അഭിനവ് എന്ന് പേരിട്ടത്. ചെറുപ്പം മുതല്‍ തന്നെ റൈഫിള്‍ ഷൂട്ടില്‍ മികവുതെളിയിച്ച അഭിനവ് ഷായുടെ കഴിവ് മനസിലാക്കി പിതാവാണ് പരിശീലനം നല്‍കി വന്നിരുന്നത്. ഏറെ ചെലവ് വരുന്ന വിനോദമാണ് റൈഫിള്‍ ഷൂട്ട് എങ്കിലും അദ്ദേഹം മകന്‍റെ ഇഷ്‌ടത്തിന് എതിരുനിന്നില്ല. ഇതിനായി കുറച്ചധികം കഷ്‌ടപ്പെടാനും ആ പിതാവ് തയ്യാറായിരുന്നു.
അങ്ങനെയിരിക്കെയാണ് രണ്ട് മാസം മുമ്പ് ജർമ്മനിയിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ സ്വർണം നേടുന്നത്. മിക്സഡ് ഡബിൾസ് 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണം നേടിയ അഭിനവിന് മധ്യപ്രദേശിൽ നിന്നുള്ള ഗൗതമി ഭാനോട്ടായിരുന്നു പങ്കാളി. തുടര്‍ന്ന് നിലവില്‍ കൊറിയയിൽ നടന്ന അടുത്ത ഐഎസ്എസ്എഫ് ലോകകപ്പിലും അഭിനവ് മിന്നുന്ന പ്രകടനം തുടര്‍ന്നു. ഇത്തവണയും ഗൗതമി ഭാനോട്ട് തന്നെയായിരുന്നു അഭിനവിന്‍റെ പങ്കാളി. നിലവില്‍ 16 വയസ് മാത്രമുള്ള അസൻസോളിലെ സെന്റ് വിൻസെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സ്വപം രാജ്യത്തിനായി നിരവധി മെഡലുകളും ബഹുമതികളും സ്വന്തമാക്കുക എന്നതുമാത്രമാണ്.
ചിട്ടയോടെ എങ്കില്‍ ഇത് മെഡല്‍ സംഘം: മുമ്പ് ടോക്കിയോ ഒളിമ്പിക്‌സ് നടക്കാനിരിക്കെ ഷൂട്ടിങ് മത്സരങ്ങളില്‍ ഇന്ത്യന്‍ സംഘം മെഡല്‍ നേടാന്‍ സാധ്യത ഏറെയാണെന്ന് ഒളിമ്പിക് സ്വർണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര പ്രതികരിച്ചിരുന്നു. ഷൂട്ടിങ്ങില്‍ നിരവധി ഇനങ്ങളില്‍ ടീം ഇന്ത്യ മത്സരിക്കുമെന്നും ചില ഷൂട്ടർമാർ ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മത്സരത്തില്‍ 50 ശതമാനത്തില്‍ അധികം നേട്ടമുണ്ടാക്കാനായാല്‍ നിരവധി മെഡലുകൾ സ്വന്തമാക്കാനാകുമെന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമേ ഷൂട്ടിങ്ങില്‍ മെഡല്‍ സ്വന്തമാക്കാനാകൂവെന്നും അദ്ദേഹം ഇന്ത്യന്‍ താരങ്ങളെ ഓര്‍മിപ്പിച്ചിരുന്നു.