ബെംഗളൂരു : രാഷ്ട്രീയ നേതാക്കളുടെ ആസ്‌തി അറിയാൻ താത്‌പര്യമുള്ളവരാണ് ഏറെപേരും. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് ദരിദ്രരായിരുന്ന, പിന്നീട് പണക്കാരായി മാറിയ ചില നേതാക്കളുണ്ട്. അടുത്തിടെ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സംഘം ഇത് സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയുണ്ടായി.
2023ൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ സമ്പന്നരായ എംഎൽഎമാരെയും സാമ്പത്തികമായി പിന്നാക്കം നൽക്കുന്ന എംഎൽഎമാരുടെയും പട്ടിക എഡിആർ സംഘം തയ്യാറാക്കി. തുടർന്ന് രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎയെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എംഎൽഎയെയും കണ്ടെത്തി.
ഏറ്റവും സമ്പന്നനായ എംഎൽഎക്ക് 1,400 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഏറ്റവും ദരിദ്രനായ എംഎൽഎക്ക് 20,000 രൂപയാണ് വരുമാനമായി ഉള്ളതെന്നും പഠനത്തിൽ വിലയിരുത്തി. കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റുമായ ഡി കെ ശിവകുമാറാണ് ഏറ്റവും സമ്പന്നനായ എംഎൽഎ. പശ്ചിമ ബംഗാളിലെ നിർമൽ കുമാർ ധാരയാണ് ഏറ്റവും കുറവ് ആസ്‌തിയുള്ള എംഎൽഎ. ഏറ്റവും സമ്പന്നരായ 10 എംഎൽഎമാരിൽ നാല് പേർ കോൺഗ്രസിൽ നിന്നും മൂന്ന് പേർ ബിജെപിയിൽ നിന്നുമാണ്.
'താൻ പണക്കാരനുമല്ല ദരിദ്രനുമല്ല' : ഈ സാമ്പത്തിക കണക്കിനോട് ഡി കെ ശിവകുമാർ (D K Shivakumar) പ്രതികരിച്ച് രംഗത്തെത്തി. താൻ പണക്കാരനുമല്ല ദരിദ്രനുമല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴുള്ള എല്ലാ സ്വത്തുക്കളും ഒറ്റയടിക്ക് വന്നതല്ലെന്നും അധ്വാനിച്ച് സമ്പാദിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ തങ്ങളുടെ സ്വത്തുക്കൾ വിവിധ വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അത് തനിക്ക് ഇഷ്‌ടമല്ലാത്ത കാര്യമാണെന്നും അതുകൊണ്ടാണ് തന്‍റെ പേരിൽ ഇത്രയും സ്വത്തുക്കൾ ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
1,267 കോടി രൂപയുടെ ആസ്‌തിയുമായി ഗൗരിബിദാനൂർ മണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎ കെ എച്ച് പുട്ടസ്വാമിയാണ് (K H Puttaswamy) ഡി കെ ശിവകുമാറിന് പിന്നിൽ. അതായത് ഏറ്റവും സമ്പന്നനായ രണ്ടാമത്തെ എംഎൽഎ. 1,156 കോടി രൂപ ആസ്‌തിയുമായി കോൺഗ്രസിലെ പ്രിയകൃഷ്‌ണയാണ് (Priyakrishna) മൂന്നാം സ്ഥാനത്ത്. കർണാടക എംഎൽഎമാരിൽ ഏറ്റവും കുറവ് ആസ്‌തിയുള്ള എംഎൽഎയാണ് ബിജെപിയുടെ ഭാഗീരഥി മുരുല്യ (Bhagirathi Murulya). 28 ലക്ഷം രൂപയുടെ ആസ്‌തിയും രണ്ട് ലക്ഷം രൂപ കടവുമാണ് ഭാഗീരഥി മുരുല്യ എംഎൽഎക്കുള്ളത്.
സമ്പന്നരായ 20 പേരിൽ 12ഉം കോൺഗ്രസിൽ : അതേസമയം, രാജ്യത്തെ സമ്പന്നരായ 20 എംഎൽഎമാരിൽ 12 പേരും കോൺഗ്രസിൽ നിന്നുള്ളവരാണെന്ന് എഡിആർ റിപ്പോർട്ട് വെളിപ്പെടുത്തി. ഇതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് സമ്പന്നർക്ക് മാത്രമാണ് നീതി നൽകുന്നതെന്നും അവർക്ക് സീറ്റ് നൽകുമെന്നും ബിജെപി ആരോപിച്ചു.
മറുവശത്ത്, കർണാടകയിലെ 14 ശതമാനം എംഎൽഎമാരും സമ്പന്നരാണെന്നും അവരുടെ സ്വകാര്യ ആസ്‌തി 100 കോടി രൂപയിലധികമാണെന്നും പഠനത്തിൽ പറയുന്നു. അരുണാചൽ പ്രദേശിൽ ആകെയുള്ള 59 എംഎൽഎമാരിൽ നാലു പേർ കോടീശ്വരന്മാരാണ്.