മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന് നടി റിയ ചക്രബർത്തിയും സഹോദരൻ ഷോവിക്കും പതിവായി മയക്കുമരുന്ന് വിതരണം ചെയ്‌തതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. പ്രത്യേക എന്‍ഡിപിഎസ് കോടതിയില്‍ എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാമുവല്‍ മിറാന്‍ഡ, ഷോവിക്, ദീപേഷ് സാവന്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും റിയ ചക്രബര്‍ത്തി സുശാന്തിന് പലതവണ മയക്കുമരുന്ന് നല്‍കിയതായി എന്‍സിബി പറയുന്നു.
റിയയുടെ സഹോദരന്‍ ഷോവിക് മയക്കുമരുന്ന് കടത്തുകാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരില്‍ നിന്നും മയക്കുമരുന്നും ഹാഷിഷ് ഓര്‍ഡറുകളും വാങ്ങി സുശാന്തിന് കൈമാറിയതായും എന്‍സിബി പറഞ്ഞു. ജൂലൈ 27നാണ് കേസിലെ അടുത്ത വാദം.
2020 ജൂണ്‍ 14നാണ് സുശാന്ത് സിങ് രജ്‌പുത്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് ആത്മഹത്യ ചെയ്‌തുവെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ താരത്തിന്‍റെ മരണത്തില്‍ വിവാദമുയര്‍ന്നതോടെ കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മയക്കുമരുന്ന് ഇടപാടുകള്‍ അടക്കം കണ്ടെത്തിയതോടെ എന്‍സിബിയും കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് 2020 സെപ്‌റ്റംബറിൽ റിയ അറസ്‌റ്റിലായിരുന്നു. എന്നാല്‍ അറസ്‌റ്റ് കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം ബോംബെ ഹൈക്കോടതി റിയയ്‌ക്ക് ജാമ്യം അനുവദിച്ചു.
കഞ്ചാവ് വാങ്ങിയതും കൈവശം വച്ചതും, ലഹരിമരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയതും അടക്കമുള്ള കുറ്റങ്ങളാണ് റിയ, സഹോദരൻ ഷോവിക്ക് ചക്രബർത്തി എന്നിവരുള്‍പ്പടെ നിരവധി പേര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവില്‍ ഇവരിൽ ഭൂരിഭാഗം പേരും ജാമ്യത്തിലാണ്. കേസില്‍ 35 പ്രതികള്‍ക്ക് എതിരെയാണ് എന്‍സിബി കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍ഡിപിഎസ് നിയമത്തിലെ 27, 27എ, 28, 29 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്ക് എതിരെ കേസെടുത്തത്.