മുംബൈ : ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്യുന്ന പാർട്ടിയിലെ വിമത എംഎൽഎമാരോട് മുംബൈയിലേക്ക് മടങ്ങാനും തന്നോട് സംസാരിക്കാനും അഭ്യർഥിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്യുന്ന വിമത എംഎൽഎമാരിൽ ഉദ്ധവ് പക്ഷ എംഎൽഎമാരുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ ഏക്‌നാഥ് ഷിൻഡെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് താക്കറെയുടെ പ്രസ്‌താവന.
'നിങ്ങളുടെ പ്രവൃത്തികളാൽ ശിവസൈനികർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സൃഷ്ടിക്കപ്പെട്ട ആശയക്കുഴപ്പം മാറ്റാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു. നിങ്ങൾ തിരിച്ചുവന്ന് എന്നെ അഭിമുഖീകരിച്ചാൽ പ്രശ്‌നങ്ങൾക്ക് പോംവഴി കണ്ടെത്താനാകും. പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഇപ്പോഴും നിങ്ങളെ പരിപാലിക്കുന്നുണ്ട്' - താക്കറെ പറഞ്ഞു.
അതേസമയം വിമത എംഎൽഎമാർ ഗുവാഹത്തിയിൽ സ്വമേധയാ എത്തിയതാണെന്നും ഒരു എംഎൽഎയും തടവിലല്ലെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ഹിന്ദുമതത്തെക്കുറിച്ചുള്ള ബാൽ താക്കറെയുടെ ദർശനത്തോടൊപ്പമാണ് മുന്നോട്ടുപോകുന്നതെന്നും തങ്ങൾ ഉടൻ തന്നെ മുംബൈയിൽ തിരിച്ചെത്തുമെന്നും ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.
ഏത് നിമിഷവും ഏക്‌നാഥ് ഷിൻഡെയും മറ്റ് വിമത എംഎൽഎമാരും ഗുവാഹത്തി വിട്ടേക്കുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ഹോട്ടൽ റാഡിസൺ ബ്ലൂവിൽ 48 വിമത എംഎൽഎമാരാണുള്ളത്. ഇവരിൽ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ 38 പേർ ശിവസേന എംഎൽഎമാരും 9 പേർ മഹാരാഷ്ട്ര നിയമസഭയിലെ സ്വതന്ത്ര എംഎൽഎമാരുമാണ്.