റാഞ്ചി : ജാര്‍ഖണ്ഡില്‍ മദ്യപിച്ച് ട്രെയിന്‍ മാറി കയറി ട്രെയിനിനുള്ളില്‍ വെടിയുതിര്‍ത്ത റിട്ടയേര്‍ഡ് സൈനികന്‍ അറസ്റ്റില്‍. ഗുരുദാസ്‌പൂര്‍ സ്വദേശിയായ ഹർപീന്ദർ സിങ്ങാണ് അറസ്റ്റിലായത്. സീല്‍ദ-ന്യൂഡല്‍ഹി രാജധാനി എക്‌സ്‌പ്രസിലാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
വെടിവയ്‌പ്പില്‍ ആര്‍ക്കും പരിക്കില്ല. മാതാരി സ്‌റ്റേഷന് സമീപം ഇന്നലെയാണ് (ഒക്‌ടോബര്‍ 12) സംഭവം. ഹൗറ ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസ് ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്‌ത ഇയാള്‍ മദ്യലഹരിയില്‍ ധൻബാദ് സ്റ്റേഷനിൽ നിന്ന് സീൽദ രാജധാനി എക്‌സ്പ്രസിൽ കയറുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ യാത്ര ആരംഭിച്ച് മാതാരി സ്‌റ്റേഷനിലെത്തുമ്പോഴാണ് ട്രെയിന്‍ മാറിയത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ടിടിഇയോട് ഇക്കാര്യം പറഞ്ഞ ഇയാള്‍ ബഹളം വച്ചു.
ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. രോഷാകുലനായ ഹര്‍പീന്ദര്‍ സിങ് റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. തേര്‍ഡ് ഏസി കോച്ചിലെ ശുചിമുറിക്ക് സമീപമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. സംഭവത്തിന് പിന്നാലെ ട്രെയിന്‍ കേഡെര്‍മ സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍പിഎഫ് ഇയാളെ പിടികൂടി. തുടര്‍ന്ന് വൈദ്യ പരിശോധനക്കായി സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സിഖ് റെജിമെന്‍റില്‍ നിന്നും 2019ല്‍ ഹവില്‍ദാറായി വിരമിച്ചയാളാണ് ഹര്‍പീനന്ദര്‍ സിങ്. നിലവില്‍ ധന്‍ബാദിലെ കോളിയറിലെ ഒരു സെക്യൂരിറ്റി കമ്പനിയിലെ ജോലിക്കാരനാണ് ഹര്‍പീന്ദര്‍. അറസ്റ്റ് ചെയ്‌ത് വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടെ ഇയാള്‍ കുറ്റം സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തതായി ആര്‍പിഎഫ് പറഞ്ഞു. അമിതമായി മദ്യപിച്ചത് കാരണം ചോദ്യം ചെയ്യലില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ ഇയാള്‍ക്കായില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.
കേരളത്തില്‍ ടിടിഇയെ മര്‍ദിച്ച് സൈനികന്‍ : അടുത്തിടെയാണ് വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസില്‍ സൈനികന്‍ ടിടിഇയെ മര്‍ദിച്ചത്. കൊല്ലം ശാസ്‌താംകോട്ട സ്വദേശി ബിജുകുമാറിനാണ് (41) പരിക്കേറ്റത്. ടിടിഇ ഋഷി ശശീന്ദ്രനാഥിനാണ് മര്‍ദനമേറ്റത്.
സൈനികനായ ബിജു കുമാര്‍ ജോലി സ്ഥലത്ത് നിന്നും അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ട്രെയിന്‍ മാറി കയറിയതുമായി ബന്ധപ്പെട്ട് ടിടിഇയോട് വാക്ക് തര്‍ക്കമുണ്ടാവുകയും രോഷാകുലനായ ബിജുകുമാര്‍ സൈനികനെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ കഴുത്തില്‍ പരിക്കേറ്റ ടിടിഇയെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറ് : കേരളത്തില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വലിയ വാര്‍ത്തയായിരുന്നു. ഏതാനും ദിവസം മുമ്പാണ് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസിന് നേരെയാണ് അടുത്തിടെ കല്ലേറുണ്ടായത്. കല്ലേറില്‍ കോച്ചിന്‍റെ ഗ്ലാസ് തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വന്ദേ ഭാരതിന് നേരെയും മലപ്പുറം താനൂര്‍ എന്നിവിടങ്ങളില്‍ കല്ലേറുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.