ന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ തന്‍റെ മകള്‍ക്ക് നീതി ലഭിച്ചുവെന്ന് മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ അമ്മ മാധവി വിശ്വനാഥന്‍. എനിക്ക് ഇതാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ 15 വര്‍ഷം താന്‍ അനുഭവിക്കുന്നത് അവര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കണം. അതായിരുന്നു തന്‍റെ ആഗ്രഹം. കോടതി വിധിയില്‍ തനിക്ക് തൃപ്‌തിയായെന്നും എന്നാല്‍ സന്തോഷവതിയാണെന്ന് പറയുന്നില്ലെന്നും മാധവി പറഞ്ഞു. എന്‍റെ ഭര്‍ത്താവ് ബൈപാസ് സര്‍ജറിയെ തുടര്‍ന്ന് ഐസിയുവിലാണെന്നും അവര്‍ പറഞ്ഞു.
കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാധവി വിശ്വനാഥന്‍. കോടതിയില്‍ കേസിന്‍റെ നടപടി ക്രമങ്ങള്‍ക്കിടയില്‍ മാധവിയോടD എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്‌ജി ചോദിച്ചു. നീതി നടപ്പാക്കണമെന്ന് അവര്‍ കോടതിയോട് പറഞ്ഞു.
2008 സെപ്‌റ്റംബറിലാണ് ഡല്‍ഹിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകയായ സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ടത്. രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ, അജയ് സേത്ത് എന്നിവരാണ് പ്രതികള്‍. ഇതില്‍ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ഡല്‍ഹിയിലെ സാകേത് കോടതി ജീവപര്യന്തവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതിയായ അജയ് സേത്തിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും 7.25 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അഡിഷണൽ സെഷൻസ് ജഡ്‌ജി രവീന്ദ്ര കുമാർ പാണ്ഡെയാണ് ശിക്ഷ വിധിച്ചത്. മോഷണ ശ്രമത്തിനിടെയാണ് സൗമ്യ വെടിയേറ്റ് മരിച്ചത്.