ന്യൂഡൽഹി: ചെങ്കോട്ടയിൽ സൂക്ഷിച്ചിരുന്ന നേതാജി സുബാഷ് ചന്ദ്ര ബോസിന്‍റെ തൊപ്പി കാണാതായെന്ന വാർത്ത വ്യാജമാണെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയുടെ ചെറുമകന്‍റെ ആരോപണത്തിനാണ് മന്ത്രിയുടെ മറുപടി. നേതാജിയുടെ വസ്തുക്കൾ കൊൽക്കത്തയിലെ വിക്ടോറിയ മെമോറിയലിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡൽഹിയിലെ ചെങ്കോട്ടയിൽ നേതാജിക്കായി സമർപ്പിച്ച മ്യൂസിയത്തിന്‍റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊപ്പി കൈമാറിയതായി ചന്ദ്രകുമാർ ബോസ് പറഞ്ഞു. ചെങ്കോട്ടയിൽ സൂക്ഷിക്കാനാണ് ഈ വസ്തുക്കൾ കൈമാറിയതെന്നും, ഇത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അനുവാദം നൽകിയിട്ടില്ലെന്നും ചന്ദ്രകുമാർ ബോസ് ട്വീറ്റ് ചെയ്തു. 'Netaji's cap missing' എന്ന ഹാഷ്ടാഗോടെയാണ് ബോസ് കുടുംബം ഇത് ട്വീറ്റ് ചെയ്തത്. ട്വീറ്റിൽ പ്രധാനമന്ത്രിയേയും സാംസ്കാരിക മന്ത്രിയേയും ടാഗ് ചെയ്തു.
തൊപ്പി തിരികെ ചെങ്കോട്ടയിൽ തന്നെ വയ്ക്കണമെന്നും ട്വീറ്റിൽ കുറിച്ചു.
കേന്ദ്രത്തിന്‍റെ മറുപടി
ഇതിന് മറുപടിയായി സാംസ്കാരിക മന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്., “നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ തൊപ്പിയും വാളും പൂർണമായും സുരക്ഷിതമാണ്. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിന് വായ്പയായി നേതാജിയുമായി ബന്ധപ്പെട്ട 24 ഇനങ്ങൾ നൽകിയിട്ടുണ്ട. നേതാജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷനാണ് ഇവ നൽകിയത്. അവ ഉടൻ തിരികെ കൊണ്ടുവരും", പ്രഹ്ളാദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു. ആറ് മാസത്തെ കരാർ ആണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരിയിൽ ആണ് നേതാജിയുടെ വസ്തുക്കൾ കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിലേക്ക് മാറ്റിയത്. പ്രധാനമന്ത്രി മോദിയുടെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും സാന്നിധ്യത്തിൽ നടന്ന നേതാജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിനായിരുന്നു ഇത്.
തൊപ്പി സുരക്ഷിതം
"പ്രോട്ടോക്കോൾ പ്രകാരം ജനുവരി മുതൽ ആറ് മാസത്തേക്ക് റെഡ് ഫോർട്ട് മ്യൂസിയത്തിൽ നിന്ന് വിക്ടോറിയ മെമ്മോറിയലിലേക്ക് തൊപ്പി വായ്പ നൽകി. ഇത് ഒരു വർഷത്തേക്ക് നീട്ടാം. ധാരണാപത്രം ഒപ്പിട്ട ശേഷമാണ് ഇത് ചെയ്തത്. 125-ാം ജന്മവാർഷിക പരിപാടിക്കായി എ.എസ്.ഐ വായ്പയെടുത്ത നിരവധി പുരാവസ്തുക്കളിൽ ഒന്നാണ് ഈ തൊപ്പി. ശരിയായ അകമ്പടിയും ഇൻഷുറൻസുമായാണ് ഇവ കൊൽക്കത്തയിലേക്ക് അയച്ചത്", മന്ത്രി പറഞ്ഞു. ധാരണാപത്രം ജൂലൈ 18 ന് അവസാനിച്ചു. തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Also Read: നേതാജിയുടെ ധീരതയെ ബഹുമാനിക്കുന്നുവെന്ന് രാഷ്ട്രപതി; ത്യാഗം ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി
2019 ജനുവരി 23 നാണ് കേന്ദ്ര സർക്കാർ നേതാജി സുഭാഷ് ചന്ദ്രബോസിനായി സമർപ്പിച്ച മ്യൂസിയം ചെങ്കോട്ടയിൽ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി മോദിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ബോസ് കുടുംബം ചെങ്കോട്ടയിൽ സൂക്ഷിനായാണ് നേതാജിയുടെ തൊപ്പി മോദിക്ക് സമ്മാനിച്ചത്.