രാജ്യത്തെ നിയമസഭ എംഎൽഎമാരുടെ സാമ്പത്തിക സ്ഥിതിവിവരം പുറത്ത്. തെരഞ്ഞെടുപ്പ് നിരീക്ഷകർ സമീപകാലത്തായി നടത്തിയ സർവേയിൽ എംഎൽഎമാർക്ക് ഏറ്റവും കുറവ് ആസ്‌തിയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നീ തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജന്‍സികളുടേതാണ് റിപ്പോർട്ട്. ഇത് പ്രകാരം രാജ്യത്തെ 4001 എംഎൽഎമാരിൽ മൂന്ന് പേർക്ക് 1000 കോടി രൂപയ്‌ക്ക് മുകളിൽ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇക്കൂട്ടത്തിൽ അഞ്ച് എംഎൽഎമാർക്ക് 500 കോടിക്കും 1000 കോടിക്കുമിടയിൽ ആസ്‌തിയും 79 എംഎൽഎമാർക്ക് 100 മുതൽ 500 കോടി രൂപ വരേയും ആസ്‌തിയുള്ളതായി എഡിആർ - ന്യൂ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ 57 ശതമാനം എംഎൽഎമാർക്ക് ഒരു കോടി മുതൽ 10 കോടി വരെയും 21 ശതമാനം എംഎൽഎമാർക്ക് 10 മുതൽ 100 കോടി രൂപ വരെയും സമ്പത്തുള്ളതുമായി നിരീക്ഷകർ വെളിപ്പെടുത്തി.
റിപ്പോർട്ട് പ്രകാരം സംസ്ഥാന നിയമസഭകളിൽ നിന്നുള്ള എംഎൽഎമാരുടെ ശരാശരി ആസ്‌തി 13.63 കോടി രൂപയാണ്. പ്രഖ്യാപിത ക്രിമിനൽ കേസുകളുള്ള എംഎൽഎമാരുടെ ശരാശരി ആസ്‌തി 16.36 കോടി രൂപയാണെങ്കിൽ ക്രിമിനൽ കേസുകളില്ലാത്ത എംഎൽഎമാരുടെ ശരാശരി ആസ്‌തി 11.45 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എംഎൽഎമാർക്ക് ഉയർന്ന ശരാശരി ആസ്‌തിയുള്ള സംസ്ഥാനം: സംസ്ഥാന തലത്തിൽ എംഎൽഎമാരുടെ ആസ്‌തി കണക്കാക്കുമ്പോൾ ഏറ്റവും ഉയർന്ന ശരാശരി ആസ്‌തിയുള്ള എംഎൽഎമാരുള്ളത് കർണാടകയിലാണ്. 223 എംഎൽഎമാരുള്ള സംസ്ഥാനത്ത് ഓരോരുത്തരുടേയും ശരാശരി ആസ്‌തി 64.39 കോടി രൂപയാണ്. ശേഷം 174 എംഎൽഎമാർ ഉള്ള ആന്ധ്രാപ്രദേശ് ഓരോരുത്തർക്കും ശരാശരി 28.24 കോടി രൂപ ആസ്‌തിയോടെ രണ്ടാം സ്ഥാനത്തും 284 എംഎൽഎമാരുള്ള മഹാരാഷ്‌ട്ര ഓരോരുത്തർക്കും 23.51 കോടി രൂപ ശരാശരി ആസ്‌തിയോടെ മൂന്നാം സ്ഥാനത്തുമാണുള്ളത്.
എംഎൽഎമാർക്ക് കുറഞ്ഞ ശരാശരി ആസ്‌തിയുള്ള സംസ്ഥാനം: റിപ്പോർട്ടുകൾ പ്രകാരം ഓരോ എംഎൽഎമാർക്കും ഏറ്റവും കുറഞ്ഞ ശരാശരി ആസ്‌തിയുള്ള സംസ്ഥാനം ത്രിപുരയാണ്. 59 എംഎൽഎമാരുള്ള സംസ്ഥാനത്ത് ഓരോരുത്തരുടേയും ശരാശരി ആസ്‌തി 1.54 കോടി രൂപയാണ്. 293 എംഎൽഎമാരിൽ ഓരോരുത്തർക്കും 2.80 കോടി രൂപ ആസ്‌തിയുള്ള പശ്ചിമ ബംഗാളും 135 എംഎൽഎമാരിൽ ഓരോരുത്തർക്കും 3.15 കോടി രൂപ ആസ്‌തിയുള്ള കേരളവുമാണ് ചേർന്നുനിൽക്കുന്ന സംസ്ഥാനങ്ങൾ.
ഏറ്റവും കൂടുതൽ ശതകോടീശ്വരൻ എംഎൽഎമാരുള്ള സംസ്ഥാനം: എഡിആർ - ന്യൂ റിപ്പോർട്ട് അനുസരിച്ച് വിശകലനം ചെയ്‌ത 4001 എംഎൽഎമാരിൽ 88 (2%) പേർ ശതകോടീശ്വരന്മാരാണ്. കർണാടകയിൽ നിന്നുള്ള 223 എംഎൽഎമാരിൽ 32 (14%), അരുണാചൽ പ്രദേശിലെ 59 എംഎൽഎമാരിൽ നാല് (7%), ആന്ധ്രാപ്രദേശിൽ നിന്നുള്ള 174 എംഎൽഎമാരിൽ 10 (6%), മഹാരാഷ്‌ട്രയിലെ 284 എംഎൽഎമാരിൽ 12 (4%), ഹിമാചൽ പ്രദേശിലെ 68 എംഎൽഎമാരിൽ രണ്ട് (3%), ഗുജറാത്തിലെ 182 എംഎൽഎമാരിൽ അഞ്ച്(3%), മധ്യപ്രദേശിലെ 230 എംഎൽഎമാരിൽ ആറ് (3%) പേരും 100 കോടിക്ക് മുകളിൽ ആസ്‌തിയുള്ളവരാണ്.