കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്ന് അസാധുവായി പ്രഖ്യാപിച്ച എല്ലാ ബൂത്തുകളിലും നാളെ (ജൂലൈ 10) റീപോളിങ് നടത്തുമെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ശനിയാഴ്‌ച (8.07.2023) യാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിലെ കൃത്രിമവും അതിനിടെ നടന്ന അക്രമവും പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്താൻ കമ്മിഷൻ ഉത്തരവിട്ടത്.
റീപോളിങ് പ്രഖ്യാപിച്ച ജില്ലകളിൽ ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത് മുർഷിദാബാദിലാണ്. 175 ബൂത്തുകളാണ് ഇവിടെ മാത്രം ഉള്ളത്. ഇത് കൂടാതെ നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, നാദിയ എന്നീ ജില്ലകളിലും റീപോളിങ് നടക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വിവിധയിടങ്ങളിൽ നടന്ന അക്രമണത്തിൽ 18 പേരാണ് മരണപ്പെട്ടത്.
മുർഷിദാബാദ്, നാദിയ, കൂച്ച് ബെഹാർ ജില്ലകൾ കൂടാതെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗർ, പുർബ മേദിനിപൂരിലെ നന്ദിഗ്രാം എന്നിവിടങ്ങളിലാണ് സംഘർഷം ഉണ്ടായത്. മുർഷിദാബാദിൽ അഞ്ച് പേരും ഉത്തർ ദിനാജ്‌പൂരിൽ നാല് പേരും കൂച്ച് ബെഹാറിൽ മൂന്ന് പേരും ഈസ്റ്റ് ബർധമാനിലും മാൾഡയിലും രണ്ട് പേർ വീതവും സൗത്ത് 24 പർഗാനാസ്, നാദിയ ജില്ലകളിൽ ഓരോരുത്തർ വീതവും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ എട്ട് പേർ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ പ്രവർത്തകരാണെന്നും ബാക്കിയുള്ളവർ ബിജെപി, സിപിഎം, കോൺഗ്രസ്, ഐഎസ്എഫ് എന്നീ പാർട്ടികളുടെ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വാഗ്‌ദാനം ചെയ്‌ത കനത്ത സുരക്ഷയും, കേന്ദ്രസേനയെ വൻതോതിൽ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടും അക്രമം നടന്നത് സർക്കാരിനും തിരിച്ചടിയായിരിക്കുകയാണ്.
നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 73,887 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ആകെ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 22 ജില്ലകളിലായി 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളും 9,730 പഞ്ചായത്ത് സമിതി സീറ്റുകളുമാണുള്ളത്. ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്‌തത്.
ALSO READ : Bengal Panchayat Polls Violence | സംഘര്‍ഷത്തില്‍ മരണം 18 ആയി; ഇടിവി ഭാരത് മാധ്യമപ്രവർത്തകന് നേരെ അക്രമം
അതേസമയം പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി ഞായറാഴ്‌ച ഡൽഹിയിലേക്ക് തിരിച്ചു. തിങ്കളാഴ്‌ച രാവിലെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വ്യത്തങ്ങൾ അറിയിച്ചു.
വോട്ടെടുപ്പ് ദിവസം ഗവർണർ സി വി ആനന്ദ ബോസ് അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കൂടുതലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്ഥിതിഗതികളാണ് അദ്ദേഹം വിലയിരുത്തിയത്. കൂച്ച് ബെഹാറിലെ ദിൻഹാതയിലും, സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിലും, ബസന്തിയിലും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ഗവർണർ സന്ദർശിച്ചിരുന്നു.