ഡല്‍ഹി: ലോക് ജനശക്തി പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി. പാര്‍ട്ടിയുടെ അഞ്ച് ലോക്‌സഭാ എംപിമാര്‍ ചിരാഗിനെ സഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിലാണ്. അവര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തും നല്‍കി. അതേസമയം ആറ് എംപിമാരാണ് ആകെ എല്‍ജെപിക്കുള്ളത്. അതുകൊണ്ട് ഇവരുടെ നിര്‍ദേശം സ്പീക്കര്‍ക്ക് അംഗീകരിക്കേണ്ടി വരും. ഹാജിപൂര്‍ എംപി പശുപതികുമാര്‍ പരസിനെ പുതിയ സഭാകക്ഷി നേതാവായി നിയമിക്കാനാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ എംപിമാരുടെയും തീരുമാനം.
Read Also...........എല്‍ജെപിക്ക് തിരിച്ചടി; നേതാക്കള്‍ ജെഡിയുവിലേക്ക്
രാംവിലാസ് പാസ്വാന്‍റെ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് പശുപതികുമാര്‍. നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇരുന്നൂറോളം പേര്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു.ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടപൂജ്യമായ ശേഷം വലിയ പ്രതിസന്ധിയെയാണ് എല്‍ജെപി നേരിടുന്നത്. ചിരാഗ് പാസ്വാന് പാര്‍ട്ടിക്ക് മേല്‍ വലിയ സ്വാധീനമില്ലെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇരുനൂറോളം നേതാക്കള്‍ കൊഴിഞ്ഞുപോയത്.
ചിരാഗിനേറ്റ തിരിച്ചടി
നിതീഷ് കുമാറിനെ പരാജയപ്പെടുത്താന്‍ എല്ലാ നീക്കവും നടത്തിയ ചിരാഗ് വലിയ തിരിച്ചടി കൂടിയാണ് ഇപ്പോള്‍ നേരിടുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കേശവ് സിങ് അടക്കമുള്ളവരാണ് നേരത്തെ പാര്‍ട്ടി വിട്ടിരുന്നത്. കോര്‍പ്പറേറ്റ് ഹൗസ് പോലെ പാര്‍ട്ടിയെ കൊണ്ടുപോകുകയാണ് ചിരാഗെന്ന് കേശവ് സിങ് കുറ്റപ്പെടുത്തിയിരുന്നു.
പാര്‍ട്ടിയില്‍ നിന്നുള്ള പ്രത്യേക ബ്ലോക്കായി തങ്ങളെ കാണണമെന്നാണ് അഞ്ച് എല്‍ജെപി എംപിമാരും ആവശ്യപ്പെട്ടിരിക്കുന്നത്. ചിരാഗിന്‍റെ അമ്മാവന്‍ കൂടിയാണ് വിമത നീക്കം നടത്തിയ പശുപതി കുമാര്‍ പരസ്. മറ്റൊരു എംപി പ്രിന്‍സ് രാജ് ചിരാഗിന്‍റെ ബന്ധുവാണ്. ചന്ദന്‍ സിംഗ്, വീണ ദേവി, അലി കേശര്‍ എന്നിവരാണ് മറ്റുള്ളവര്‍. അതേസമയം ഈ അഞ്ച് പേരും ജെഡിയുവില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.